'നീ വളരെ സ്മാര്‍ട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്'' തുടങ്ങിയ സന്ദേശങ്ങള്‍ അയക്കുന്നത് അശ്ലീലമായി കണക്കാകും; രാത്രിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് സന്ദേശം അയക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി

അപരിചിതരായ സ്ത്രീകള്‍ക്ക് രാത്രിയില്‍ സന്ദേശം അയക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുംബൈയിലെ ഡിന്‍ഡോഷി സെഷന്‍സ് കോടതി. മുന്‍ സഹപ്രവര്‍ത്തകയ്ക്ക് വാട്‌സാപ്പ് വഴി അശ്ലീല സന്ദേശം അയച്ചതില്‍ പ്രതിയുടെ ശിക്ഷ ശരിവച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി ജി ധോബ്ലെയുടെ നിരീക്ഷണം.

”നീ മെലിഞ്ഞിരിക്കുന്നു, വളരെ സ്മാര്‍ട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്” തുടങ്ങിയ സന്ദേശങ്ങള്‍ അയക്കുന്നത് അശ്ലീലമായി കണക്കാകുമെന്ന് കോടതി വ്യക്തമാക്കി.

2022ല്‍ ഇതേ കേസില്‍ പ്രതിയെ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് പ്രതി കോടതിയില്‍ വാദിച്ചു. എന്നാല്‍, തെളിവുകള്‍ എല്ലാം എതിരായതിനാല്‍ അദ്ദേഹത്തിന്റെ വാദം കോടതി തള്ളി.

‘നീ മെലിഞ്ഞവളാണ്”, ”നീ വളരെ സ്മാര്‍ട്ടാണ്”, ”നീ സുന്ദരിയാണ്”, ”നീ വിവാഹിതയാണോ അല്ലയോ?”, ”എനിക്ക് നിന്നെ ഇഷ്ടമാണ്” തുടങ്ങിയ സന്ദേശങ്ങളും, ചിത്രങ്ങളും, അര്‍ദ്ധരാത്രിയില്‍ പരാതിക്കാരന്‍ അയച്ചതായി കോടതി ചൂണ്ടിക്കാട്ടി.

വിവാഹിതയായ ഒരു സ്ത്രീയോ അവരുടെ ഭര്‍ത്താവോ ഇത്തരം വാട്ട്സ്ആപ്പ് സന്ദേശങ്ങളും അശ്ലീല ഫോട്ടോകളും അയക്കുന്നത് ക്ഷമിക്കില്ല. പരാതിക്കാരിയും പ്രതിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.