നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നത് ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നതെന്ന് നിർഭയയുടെ അമ്മ ആശാ ദേവി, തിങ്കളാഴ്ച പറഞ്ഞു.
“ഇത് നമ്മുടെ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നത്. ഇന്ത്യയിൽ നീതി എങ്ങനെ കാലതാമസം നേരിടുന്നുവെന്ന് ലോകം മുഴുവൻ നിരീക്ഷിക്കുന്നുണ്ട്. ഈ സംവിധാനം കുറ്റവാളികളെ പിന്തുണയ്ക്കുന്നു,” കേസിൽ ശിക്ഷിക്കപ്പെട്ട നാലുപേരുടെ മരണ വാറണ്ട് സ്റ്റേ ചെയ്ത ഡൽഹി കോടതിയുടെ ഉത്തരവിനെ തുടർന്ന് ആശാ ദേവി പ്രതികരിച്ചു.
“എനിക്ക് എല്ലാ ദിവസവും പ്രതീക്ഷ നഷ്ടപ്പെടുന്നു, പക്ഷേ ഞാൻ എല്ലാ ദിവസവും പോരാടുന്നു. അവരെ തൂക്കിക്കൊല്ലുന്നതു വരെ അത് തുടരും. നിർഭയയേക്കാൾ മോശമായ ഒരു കേസ് ഉണ്ടായിട്ടില്ല, എന്നിട്ടും നീതി ലഭിക്കാൻ ഞാൻ പാടുപെടുകയാണ്. അവളുടെ കുടൽ കുത്തി പുറത്തെടുത്തിരുന്നു എന്നിട്ടും കോടതികൾ ഇരുന്നു തമാശ (നാടകം) കാണുന്നു, ”ആശാദേവി കൂട്ടിച്ചേർത്തു.
“അവൾ ഒരു അമ്മയാണ്. അവളുടെ വേദന ആർക്കും മനസിലാക്കാൻ കഴിയില്ല. എനിക്കുപോലും. നീതി ലഭിക്കുമെന്ന് ഞാൻ അവളോട് പറയുന്നുണ്ടെങ്കിലും ഒരു അമ്മക്കു തന്റെ കുട്ടി അനുഭവിച്ച വേദന മറക്കാൻ പ്രയാസമാണ്,” ആശാദേവിയുടെ ഭർത്താവ് ബദരീനാഥ് സിംഗ് പറഞ്ഞു.
Read more
നിർഭയ കൂട്ട ബലാത്സംഗ, കൊലപാതകക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളെ തൂക്കിലേറ്റാനുള്ള ഉത്തരവ് ഡൽഹി കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇതോടെ നാളെ നടപ്പാക്കാൻ ഇരുന്ന വധശിക്ഷ നടക്കില്ല. 2012 ൽ ഡൽഹിയിൽ ഒരു ബസ്സിൽ സുഹൃത്തിനോടൊപ്പം യാത്രചെയ്യുകയായിരുന്ന 24 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപെടുത്തിയ സംഭവം ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു.