കോവിഡ് വ്യാപനം: അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്, ലംഘിച്ചാല്‍ നിയമ നടപടി

കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടുത്ത് ആഴ്ച മുതല്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കുമെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി എസ് സമീരന്‍ അറിയിച്ചു. യാത്രക്കാര്‍ രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കരുതണം. രേഖകള്‍ ഇല്ലാതെ എത്തുന്നവരെ തിരിച്ചയക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ഇന്നലെ മുതല്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇന്നലെ ആവശ്യമായ രേഖകള്‍ ഇല്ലാതെ അതിര്‍ത്തിയില്‍ എത്തിയവരെ തിരിച്ചയച്ചു. തുടര്‍ന്നും ആവര്‍ത്തിച്ചാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കാനാണ് തീരുമാനം. വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, വേലംതാവളം, നടുപ്പുണി ചെക്‌പോസ്റ്റുകളില്‍ പരിശോധന കൂട്ടിയട്ടുണ്ട്.

അതേസമയം ആംബുലന്‍സ്, ആശുപത്രികളിലേക്ക് പോവുന്ന വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ എന്നിവയെ തടയില്ല. തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകളോടെ ഇളവുകള്‍ നല്‍കിയേക്കും.

തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയട്ടുണ്ട്. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും അടക്കം കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.