കോവിഡ് വ്യാപനം: പരിശോധനകളുടെ എണ്ണം കൂട്ടണം, വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തണം. വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും, വൈറസിനെതിരെയുള്ള പ്രധാന ആയുധം വാക്‌സിനാണെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.

ദേശീയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നാണ് സൂചന. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രാദേശികമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. നിയന്ത്രണങ്ങള്‍ ജന ജീവിതത്തെ ബാധിക്കരുത്. കോവിഡ് ചികിത്സ കഴിയുന്നതും വീടുകളില്‍ തന്നെ ആക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നുണ്ടെന്ന ഉറപ്പ് വരുത്തണം. ഇതിനായി ടെലി മെഡിസിന്‍ സൗകര്യങ്ങള്‍ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തിയ പ്രധാനമന്ത്രി, കുട്ടികളുടെ ചികിത്സയ്ക്കായിട്ടുള്ള യൂണിറ്റുകളും ലക്ഷകണക്കിന് ഓക്‌സിജന്‍ കിടക്കകളും സജ്ജീകരിച്ചട്ടുണ്ടെന്ന് വ്യക്തമാക്കി. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന് ഒപ്പം തന്നെ വീടുകളില്‍ എത്തിയുള്ള വാക്‌സിനേഷനും ഊര്‍ജ്ജിതമാക്കണം.

കേന്ദ്രം അനുവദിച്ച 23,000 കോടി രൂപയുടെ പാക്കേജ് പല സംസ്ഥാനങ്ങളും ഫലപ്രദമായി തന്നെ വിനിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അടിസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി സംസ്ഥാനങ്ങളും, കേന്ദ്രവും കൂട്ടായ സമീപനം പിന്തുടരണം എന്നും അദ്ദേഹം പറഞ്ഞു.

Read more

രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാവുകയാണ്. സംസ്ഥാനങ്ങളോട് കര്‍ശന ജാഗ്രത പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷവും രാജ്യം അതിജീവിച്ചത് പോലെ ഇത്തവണയും കോവിഡിനെ അതിജീവിക്കാന്‍ കഴിയും. രാജ്യത്ത് മൂന്ന് കോടിയിലധികം കൗമാരക്കാര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരേയും, ആശ വര്‍ക്കര്‍മാരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.