കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ പ്രക്ഷോഭം ശക്തമാക്കി കർഷകർ. ഇന്ന് മുതല്‍ റിലെ നിരാഹാര സമരം തുടങ്ങും. മഹാരാഷ്ട്രയിലെ കർഷകർ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. അതേസമയം കർഷകരെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് ആവശ്യപ്പെട്ടു.
എല്ലാ സമര കേന്ദ്രങ്ങളിലും ഇന്ന് മുതല്‍ റിലെ നിരാഹാര സമരം ആരംഭിക്കും. കർഷക ദിവസായി ആചരിക്കുന്ന 23-ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. 25 മുതല്‍ 27 വരെ ഹരിയാനയിലെ ടോൾ പ്ലാസകളിൽ പിരിവ് അനുവദിക്കില്ല. ഡിസംബര്‍ 26 – 27 തിയതികളില്‍ കര്‍ഷകര്‍ എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് കത്തെഴുതും. 27-ന് മൻ കി ബാത്ത് നടക്കവെ പാത്രം കൊട്ടി പ്രതിഷേധിക്കാനുമാണ് തീരുമാനം.
മഹാരാഷ്ട്രയിലെ 20 ജില്ലയില്‍ നിന്നുള്ള കർഷകർ നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. മാർച്ച് 24-ന് രാജസ്ഥാൻ അതിർത്തിയായ ഷജഹാൻപൂരിലെത്തും.പ്രതിഷേധം ലൈവാക്കിയതോടെ കിസാന്‍ ഏകത മോർച്ചയുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു. കമ്മ്യൂണിറ്റി ഗൈഡ് ലൈൻ പാലിച്ചില്ലെന്നാണ് ആരോപണം.
സര്‍ക്കാരുമായി ചർച്ചക്ക് പോകണമോ എന്ന കാര്യത്തില്‍ കർഷകർ ഇന്ന് തീരുമാനമെടുക്കും. നിയമത്തെ പിന്തുണക്കുന്ന കർഷകരുമായുള്ള കൂടിക്കാഴ്ച കൃഷിമന്ത്രി തുടരുന്നുണ്ട്. വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25-ന് പ്രധാനമന്ത്രി കർഷകരുമായി സംവദിക്കും.
Read more
ഇതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് കർഷകർ. എൻഡിഎ ഘടകക്ഷികളെ കണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനോടകം ജെജെപി , ആർഎൽപി അടക്കമുള്ള എൻഡിഎ ഘടകകക്ഷികൾ കർഷക പ്രക്ഷോഭത്തെ തുടർന്ന് സമ്മർദ്ദത്തിലാണ്. കർഷകകരുമായുള്ള ചർച്ച പുനരാംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.