സി.പി.ഐ പ്രതിനിധി സംഘം ജഹാംഗീര്‍പുരിയില്‍; തടഞ്ഞ് പൊലീസ്

ഡല്‍ഹി ജഹാംഗീര്‍പുരി സന്ദര്‍ശിക്കാന്‍ എത്തിയ സിപിഐ പ്രതിനിധി സംഘത്തെ ഡല്‍ഹി പൊലീസ് തടഞ്ഞു. പൊലീസ് സ്ഥാപിച്ച് ബാരിക്കേഡുകള്‍ നീക്കണമെന്ന് സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് പൊളിക്കല്‍ നടപടികള്‍ക്ക് ഇരകളായവരെ കണ്ട ശേഷം മാത്രമേ തിരികെ പോകുവെന്ന് നിലപാടിലാണ് നേതാക്കള്‍.

പൊളിക്കല്‍ നടന്ന സ്ഥലങ്ങള്‍ കണ്ട ശേഷം മാത്രമേ മടങ്ങൂവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. രാജ്യസഭാംഗം ബിനോയ് വിശ്വം, ആനി രാജ ഉള്‍പ്പടെയുള്ളവരുടെ സംഘമാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത് സംഘം രാവിലെ ജഹാംഗീര്‍പുരിയില്‍ എത്തിയങ്കിലും അവരേയും പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് പ്രതിനിധി സംഘം ഇന്ന് രാവിലെ ജഹാംഗീര്‍പുരി സന്ദര്‍ശിച്ചിരുന്നു രണ്ട് എംപിമാര്‍ ഉള്‍പ്പടെയുള്ള സംഘത്തെ പൊലീസ് കടത്തിവിട്ടിരുന്നു. ഒഴിപ്പിക്കലിന് ഇരകളായവരെ പുനരധിവസിപ്പിക്കുമെന്ന് ലീഗ് പറഞ്ഞു. വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടികള്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

Read more

കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വിഷയം ശക്തമായി അവതരിപ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു. ജഹാന്‍ഗീര്‍പുരിയില്‍ ഇപ്പോഴും കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. സിസിടിവി ക്യാമറകള്‍ വച്ച് നിരീക്ഷണം ശക്തമാക്കി. സ്ഥലത്തേക്ക് കൂടുതല്‍ പ്രതിപക്ഷ പ്രതിനിധി സംഘങ്ങള്‍ എത്തിച്ചേരുന്നുണ്ട്.