ത്രിപുരയിൽ കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ ഇരുന്നിടത്ത് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം. ഉനക്കോട്ടിയിൽ മുൻ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമയുണ്ടായിരുന്നിടത്ത് ആണ് ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചത്. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഏപ്രിൽ 11 ന് രാത്രി ഉനകോടി ജില്ലയിലെ കൈലാഷഹർ പട്ടണത്തിലെ ശ്രീരാംപൂർ ട്രൈ-ജംഗ്ഷനിൽ അജ്ഞാതരായ ആളുകൾ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചതായും സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ശ്രീരാമന്റെ വിഗ്രഹം മാറ്റണമെന്നും ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ പുനസ്ഥാപിക്കണമെന്നു പറഞ്ഞ ജിതേന്ദ്ര ചൗദരി വിഗ്രഹം അനുയോജ്യമായ ഒരു സ്ഥലത്തേക്കോ ക്ഷേത്രത്തിലേക്കോ മാറ്റി സ്ഥാപിക്കമെന്നാണ് ആവശ്യമെന്നും കൂട്ടിച്ചേർത്തു.
ത്രിപുരയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ 2012-ൽ ജനകീയ ആവശ്യപ്രകാരം സ്ഥാപിച്ചതാണെന്നും ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നത് ത്രിപുരയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നും ചൗധരി കൂട്ടിച്ചേർത്തു. അതേസമയം ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കുന്നതിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകനോ നേതാവോ പങ്കെടുത്തിട്ടില്ലെന്ന് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ബിമൽ കർ അറിയിച്ചു.