ഉന്നാവൊ പീഡനക്കേസ്: ചികിത്സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു, ഡല്‍ഹിയില്‍ തന്നെ താമസമൊരുക്കണമെന്ന് കോടതി

കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്ന ഉന്നാവൊ പീഡന കേസിലെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ തന്നെ താമസം ഏര്‍പ്പാടാക്കണമെന്ന് കോടതി ഉത്തരവിട്ടിടുണ്ട്.

ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന ഡിസ്ചാര്‍ജ് ചെയ്യുമെന്ന് എയിംസ് അധികൃതര്‍ ഡല്‍ഹി കോടതിയെ നേരത്തേ അറിയിച്ചിരുന്നു.ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ശര്‍മ നിര്‍ദേശം നല്‍കി. അതുവരെ എയിംസിലെ ട്രോമ കെയറിലുള്ള ഹോസ്പിറ്റലില്UNNAVOUNNAVO തന്നെ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഒരാഴ്ച താമസിക്കാനാണ് നിര്‍ദേശം.

ജന്മസ്ഥലത്ത് താമസിക്കുമ്പോള്‍ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഇടമൊരുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ അടുത്ത ശനിയാഴ്ച വാദം കേള്‍ക്കും.

റായ്ബറേലിയില്‍ വെച്ച് ജൂലൈ 28-ന് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പെണ്‍കുട്ടിയെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കുല്‍ദീപ് സെന്‍ഗാറടക്കം പത്തു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.