കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു; നോട്ടയ്ക്കും പിന്നിലായി; 1000 വോട്ടുപോലും പിടിക്കാനായില്ല; രാജ്യതലസ്ഥാനത്ത് നാണംകെട്ട് ഇടതുപാര്‍ട്ടികള്‍

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശും നഷ്ടപ്പെട്ട് നോട്ടയ്ക്കും പിന്നിലായി ഇടതുപാര്‍ട്ടികള്‍. രാജ്യതലസ്ഥാനത്ത് എട്ട് മണ്ഡലങ്ങളിലാണ് ഇടതുപാര്‍ട്ടികള്‍ മത്സരിക്കാനിറങ്ങിയത്. പക്ഷേ, ഒറ്റ മണ്ഡലത്തില്‍ പോലും ആയിരത്തിന് മുകളില്‍ വോട്ട് നേടാന്‍ ഇടത് പാര്‍ട്ടികള്‍ക്കായില്ല.

വികാസ്പുരിയില്‍ മത്സരിച്ച സിപിഐ സ്ഥാനാര്‍ഥിയും മലയാളിയുമായ ഷിജോ വര്‍ഗീസിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 611 വോട്ടുകളാണ് ഇദേഹത്തിന് ലഭിച്ചത്. എന്നാല്‍, ആ മണ്ഡലത്തില്‍ 1127 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു.

നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. സിപിഎമ്മും സിപിഎംഎല്ലും രണ്ട് വീതം മണ്ഡലങ്ങളില്‍ മത്സരിച്ചു. കരാവല്‍നഗറില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി 457 വോട്ട് നേടി. ഇതാണ് സിപിഎമ്മിന് കിട്ടിയ ഏറ്റവും വലിയ വോട്ട്. എന്നാല്‍, നോട്ടയ്ക്ക് 709 വോട്ട് ലഭിച്ചിട്ടുണ്ട്.

കോണ്ട്ലിയില്‍ മത്സരിച്ച സിപിഎംഎല്ലിന്റെ അമര്‍ജീത് പ്രസാദിന് ആകെ കിട്ടിയത് 100 വോട്ടുകള്‍ മാത്രമാണ്. 2638 പേരാണ് സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തത്. എന്നാല്‍, സിപിഐ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൂടി നോട്ട 5883 വോട്ടുകള്‍ നേടിയിട്ടുണ്ട്. ഇടതുപാര്‍ട്ടികള്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്.