ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന ഇഡിയുടെ ആരോപണം അതേപടി പകര്‍ത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് തന്നെ പരിഗണിക്കാമെന്ന് ഹൈക്കോടതി സമ്മതിച്ചു.
ഇന്ത്യ വിരുദ്ധ നീക്കത്തിന് 115 കോടി രൂപയുടെ ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും, എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും ആവശ്യപ്പെട്ടിരിക്കുന്നത്. കപില്‍ സിബല്‍ മുഖേന ഡൽഹി ഹൈക്കോടതിയെ സമീപിച്ച ന്യൂസ് ക്ലിക്കിന്‍റെ ഹര്‍ജി ഉടന്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മയുടെ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിനിസിന് പുറമെ ജസ്റ്റിസ് സഞ്ജീവ് നരൂലയും അടങ്ങിയ ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക.
ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ ഇഡിയുടെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പ്രബിര്‍ പുര്‍കായസ്തയെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചിട്ടില്ല. എഫ്ഐആറും, അറസ്റ്റും നിയമവിരുദ്ധമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. എഫ്ഐആറിന്‍റെ പകര്‍പ്പ് നല്‍കാന്‍ പൊലീസ് വിസമ്മതിച്ചതും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണ്ടും ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് ഡൽഹി പൊലീസ് നോട്ടീസ് നല്‍കി. കേസില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് പൊലീസ് തുടങ്ങിയിരിക്കയുന്നത്. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരുമടക്കം 5 പേര്‍ക്ക് കൂടി നോട്ടീസ് നല്‍കി. ഇന്നലെ 10 പേരെ ആറ് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. ന്യൂസ് ക്ലിക്കിന് കിട്ടിയ ചൈനീസ് ഫണ്ടില്‍ നിന്ന് നാല്‍പത് ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്ന ഇഡിയുടെ ആരോപണത്തില്‍ ടീസ്ത സെതല്‍വാദിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
Read more
ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ പണം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ കേസ് ചുമത്തിയിരിക്കുന്നത്. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്ലാണ് പുരകയസ്തയെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. ഒമ്പത് മണിക്കൂറോളമായിരുന്നു സ്ഥാപനത്തിൽ ഇഡി റെയ്ഡ് നടത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്. റെയ്ഡിന് പിന്നാലെ മാധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പ് തുടങ്ങിയവും സംഘം പിടിച്ചെടുത്തിരുന്നു.