ജെ.എന്‍.യു അധികൃതർക്ക് തിരിച്ചടി; പഴയ ഫീസ് ഘടനയിൽ സര്‍വകലാശാലയില്‍ രജിസ്ട്രേഷൻ നടത്തണമെന്ന് ഹൈക്കോടതി

ജെഎന്‍യുവില്‍ പഴയ ഫീസ് ഘടനയിൽ തന്നെ രജിസ്ട്രേഷൻ നടത്താൻ ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർവകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകാനും ഹൈക്കോടതി നിർദ്ദേശം നല്‍കി. ഹോസ്റ്റൽ ഫീസ് വർദ്ധനക്കെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്.  പഴയ ഫീസിൽ തന്നെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ജനാധിപത്യവിരുദ്ധമായി ഫീസ് വർദ്ധിപ്പിച്ച സർവകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയിരുന്നു.

Read more

രജിസ്ട്രേഷൻ യൂണിയൻ പൂർണമായും ബഹിഷ്കരിച്ചിരുന്നു. ഫീസ് വർദ്ധനക്കെതിരെയുള്ള വിദ്യാർത്ഥി യൂണിയന്‍റെ സമരം തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ദ്ധനക്കെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് കാമ്പസ് സാക്ഷ്യം  വഹിക്കുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ കാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങുകയായിരുന്നു.