വേദന മാറാന്‍ ഇഞ്ചക്ഷന്‍ നല്‍കി, നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വേദനമാറാന്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ജയ്പൂരിലുള്ള ഗോള്‍ഡന്‍ ആശുപത്രിയിലാണ് സംഭവം. ജനിച്ച് നാല് മാസം മാത്രം പ്രായമായ കുഞ്ഞിന് മേല്‍ച്ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള വേദന താല്‍ക്കാലികമായി മാറാനാണ് ഇഞ്ചക്ഷന്‍ നല്‍കിയത്.

മുച്ചുണ്ടുള്ള കുഞ്ഞിനെ ശസ്ത്രക്രിയക്കായി ജനുവരി 17നാണ് ആശുപത്രിയില്‍ എത്തിച്ചത്. മുറിഞ്ഞിരിക്കുന്ന ചുണ്ട് തുന്നിച്ചേര്‍ക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കളുടെ അനുവാദത്തോടെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴും കുഞ്ഞ് കരച്ചില്‍ തുടര്‍ന്നു. കരച്ചില്‍ നിര്‍ത്താത്തതിനാല്‍ കുഞ്ഞിനെ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുഞ്ഞിന് വേദന സംഹാരി നല്‍കി. ശേഷം തുഞ്ഞ് കരച്ചില്‍ നിര്‍ത്തിയെന്ന് മാത്രമല്ല അനങ്ങാതായെന്നും ബന്ധുക്കള്‍ പറയുന്നു.

കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്ന് അറിയിക്കുകയും കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മരുന്നുകളുടെ പാര്‍ശ്വഫലമാണ് മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണം. മെഡിക്കല്‍ സൂപ്രണ്ടിനെ കണ്ട് പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

2015 ല്‍ സമാനമായ സംഭവം ഇതേ ആശുപത്രിയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കിടെ രക്തത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് അസാം സ്വദേശിയായ അനാമിക റായ് എന്ന 36 കാരി ഇവിടെ മരിച്ചിരുന്നു.