'ഡിമാൻഡ് കുറഞ്ഞു'; ഹൈദരാബാദ്-അയോദ്ധ്യ ഫ്ലൈറ്റുകൾ റദ്ദുചെയ്ത് സ്പൈസ് ജെറ്റ്, സർവീസ് തുടങ്ങിയിട്ട് രണ്ടു മാസം മാത്രം

ഹൈദരാബാദിനും അയോദ്ധ്യക്കുമിടയിലുള്ള ഡയറക്ട് ഫ്ലൈറ്റ് സർവീസുകൾ റദ്ദു ചെയ്ത് സ്പൈസ് ജെറ്റ്. സർവീസ് ആരംഭിച്ചിട്ട് രണ്ട് മാസം മാത്രമേ ആകുന്നുള്ളു എന്നിരിക്കെയാണ് സ്പൈസ് ജെറ്റ് നടപടി. രണ്ട് മാസത്തിനുള്ളിൽ തന്നെ സേവനം സ്പൈസ് ജെറ്റ് അവസാനിപ്പിക്കുകയാണ്. ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തിയിരുന്ന വിമാനമാണ് സർവീസ് അവസാനിപ്പിച്ചിരിക്കുന്നത്. അയോധ്യ സന്ദർശിക്കാൻ സഞ്ചാരികൾ കാണിച്ചിരുന്ന താൽപ്പര്യം ഇപ്പോൾ കാണാനില്ലെന്നാണ് വിലയിരുത്തൽ.

ആദ്യം ഉണ്ടായ ഡിമാൻഡ് കുറഞ്ഞു. ഇത് ടിക്കറ്റ് വിൽപ്പന കുറയാൻ കരണമായെന്നാണ് സ്പൈസ്ജെറ്റ് നൽകുന്ന വിശദീകരണം. ഏപ്രിൽ രണ്ടിനാണ് പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തത്‌. നിലവിൽ, സ്പൈസ് ജെറ്റിൽ ഹൈദരാബാദിൽ നിന്ന് അയോധ്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ ലേഓവർ ഉണ്ട്. ഇത് ഫ്ലൈറ്റ് യാത്രാ സമയം ഏഴ് മണിക്കൂറും 25 മിനിറ്റും ആയി വർധിപ്പിക്കും. എയർബസ് എ320 വിമാനമാണ് ഈ റൂട്ടിനായി സ്പൈസ്ജെറ്റ് ഉപയോഗിച്ചത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് രാവിലെ 10.45 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.45 ന് അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രീതിയിൽ ആയിരുന്നു ആദ്യം ക്രമീകരണം. തിരിച്ചുള്ള വിമാനം ഉച്ചയ്ക്ക് 1.25 ന് അയോധ്യയിൽ നിന്ന് പുറപ്പെട്ട് 3.25 ന് ഹൈദരാബാദിൽ ഇറങ്ങുന്ന രീതിയിലായിരുന്നു സർവീസ്. പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു.

ഡിസംബർ 30 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന വ്യക്തികൾക്കായി ജനുവരി 21 ന് സ്പൈസ് ജെറ്റ് ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് പ്രത്യേക വിമാനം തന്നെ അയച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതൽ ഡൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ജയ്പുർ, ബംഗളൂരു, പട്‌ന, ദർബംഗ എന്നിവയുൾപ്പെടെ എട്ട് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്കുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുമെന്നാണ് എയർലൈൻ പ്രഖ്യാപിച്ചത്.

Read more