'ആത്മനിര്‍ഭര്‍' ഉച്ചരിക്കാന്‍ പ്രയാസം; പാര്‍ലമെന്റില്‍ തമിഴില്‍ മറുപടി നല്‍കി കനിമൊഴി, വൈറലായി വീഡിയോ

തമിഴ്‌നാട്ടില്‍ നിന്നുള്ള കനിമൊഴി എം.പി കനിമൊഴിയുടെ പാര്‍ലമെന്റിലെ ഓരോ പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായി മാറാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കനിമൊഴി നടത്തിയ പ്രസംഗത്തിനിടയിലെ സംഭാഷണമാണ് ഇപ്പോള്‍ വൈറലാവുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരതിനെ കുറിച്ച് എം.പി സംസാരിക്കുകയായിരുന്നു. സംസാരത്തിനിടെ ആത്മനിര്‍ഭര്‍ എന്ന വാക്ക് ഉച്ചരിക്കാന്‍ കനിമൊഴിക്ക് പ്രയാസം അനുഭവപ്പെട്ടു. പാര്‍ലമെന്റിലെ മറ്റ് അംഗങ്ങള്‍ ശരിയായ ഉച്ചാരണം പറഞ്ഞു കൊടുത്തുകൊണ്ട് മുന്നോട്ട് വന്നു. ആ സമയത്തെ കനിമൊഴിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇതാണ് നിങ്ങള്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ലാത്തത്. നമ്മള്‍ എല്ലാവരും വ്യത്യസ്ത പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വരുന്നവരാണ്. ഇത് പോലുള്ള കാര്യങ്ങള്‍ ഇംഗ്ലീഷില്‍ പറയണം അല്ലെങ്കില്‍ പ്രാദേശിക ഭാഷകളില്‍ പറയണം. അങ്ങനെയായാല്‍ തങ്ങള്‍ക്ക് അത് മനസിലാക്കി പറയാന്‍ സാധിക്കുമെന്നും കനിമൊഴി പറഞ്ഞു. അതിനിടയില്‍ ഹിന്ദി സംസാരിക്കുന്ന അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞ കമന്റിന് മറുപടിയായി അവര്‍ തമിഴില്‍ സംസാരിച്ചു. ഇനി മുതല്‍ തമിഴില്‍ സംസാരിക്കാം മനസിലാകുന്നുണ്ടോ എന്ന് പറയൂ എന്നായിരുന്നു കനിമൊഴിയുടെ മറുപടി. വീഡിയോ വൈറലായതോടെ നിരവധിപേര്‍ കനിമൊഴിക്ക് പിന്തുണയുമായി രംഗത്തെത്തി.