പളനിമല മുരുകനെ ചൊല്ലി വാളെടുത്ത് സിപിഎം; സര്‍ക്കാര്‍ മതപര ഉത്സവങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് താക്കീത്; സംസ്ഥാന സെക്രട്ടറിയുടെ വാദങ്ങള്‍ തള്ളി സ്റ്റാലിന്‍ സര്‍ക്കാര്‍

പളനിയില്‍ നടന്ന ആഗോള മുരുകന്‍ സമ്മേളനത്തില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ‘വാളെടുത്ത്’ സിപിഎം. മതത്തില്‍നിന്ന് രാജ്യം അകന്നു നില്‍ക്കണമെന്നതാണ് മതേതരത്വ തത്ത്വം. ഒരു മതത്തെയും പ്രചരിപ്പിക്കുന്നതും പിന്തുണയ്ക്കുന്നതും ഭരണകൂടത്തിന്റെ കടമയാകരുത്. മതസൗഹാര്‍ദവും ജനങ്ങളുടെ ഐക്യവും സംരക്ഷിക്കപ്പെണ്ടേതാണെന്നും സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു.

ആര്‍എസ്എസും ബി.ജെ.പി. യും ലക്ഷ്യമിടുന്നത് ക്ഷേത്ര സ്വത്തുക്കള്‍ കൊള്ളയടിക്കാനും ജാതി മുതലെടുക്കാനുമാണ്. ഇത് മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനം ശക്തമാക്കണം. സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് മതപരമായ ഉത്സവങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, സിപിഎമ്മിന്റെ ഈ ആവശ്യങ്ങള്‍ ഭരണ കക്ഷിയായ ഡിഎംകെ തള്ളി.

മുരുകന്‍ സമ്മേളനം എല്ലാ തുറകളിലുമുള്ള ജനങ്ങള്‍ സ്വീകരിക്കുകയും പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ ഭക്തര്‍ പങ്കെടുത്തതായും ദേവസ്വം മന്ത്രി ശേഖര്‍ ബാബു പറഞ്ഞു. സമ്മേളനം വന്‍ വിജയമായിരുന്നു. ജപ്പാന്‍, ജര്‍മനി, ഓസ്‌ട്രേലിയ, മലേഷ്യ, സിങ്കപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങി 300-ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. 25000 പേരെ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂവെന്നും എന്നാല്‍ ലക്ഷക്കണക്കിനാളുകളാണ് സമ്മേളനത്തിനെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

പഴനി ആണ്ടവര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ആഗോള മുത്തമിഴ് മുരുകഭക്തര്‍ സമ്മേളനം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. സമ്മേളനഭാഗമായി തയ്യാറാക്കിയ പുസ്തകം മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍. സുരേഷ്‌കുമാര്‍, കുമരഗുരു മഠാലയം കുമരഗുരുഭര സ്വാമികള്‍ക്ക് നല്‍കി പ്രകാശനംചെയ്തു.

മന്ത്രിമാരായ പി.കെ. ശേഖര്‍ബാബു, ആര്‍. ചക്രപാണി, ദിണ്ടിക്കല്‍ എം.പി. സച്ചിതാനന്ദം, ഐ.പി. സെന്തില്‍കുമാര്‍ എം.എല്‍.എ., തമിഴ്‌നാട് ദേവസ്വംബോര്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചന്ദ്രമോഹന്‍, തമിഴ്‌നാട് ദേവസ്വംബോര്‍ഡ് കമ്മിഷണര്‍ പി.എന്‍. ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.