ഭാരതീയ ന്യായ് സംഹിത നടപ്പിലാക്കരുത്; മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളും പാസാക്കിയത് ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായെന്ന് സിപിഎം

പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ തിടുക്കപ്പെട്ട് പാസാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാതെ മാറ്റിവയ്ക്കണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി. ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായി പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയാണ് കിരാത നിയമങ്ങള്‍ പാസാക്കിയത്.

രാജ്യദ്രോഹം സംബന്ധിച്ച ഐപിസി 124 എ വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചിരിക്കെ ഭാരതീയ ന്യായ് സംഹിതയുടെ 152ആം വകുപ്പിലൂടെ അത് ഒളിച്ചുകടത്തി. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത തുടങ്ങിയ പരാമര്‍ശങ്ങള്‍ ഐപിസിയില്‍ ഇല്ലെന്നിരിക്കേ അവ പുതിയ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഒരേസമയം സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനവും ആരെയും എളുപ്പത്തില്‍ ദേശവിരുദ്ധരായി മുദ്രകുത്താന്‍ സഹായിക്കുന്നതുമാണ്.

പൗരന്മാരെ ദോഷകരമായി ബാധിക്കുന്നവിധം പൊലീസിന് വിപുലമായ അധികാരങ്ങളാണ് പുതിയ നിയമങ്ങളിലുള്ളത്. ഒരാളെ 15 ദിവസംവരെ മാത്രമേ റിമാന്‍ഡ് ചെയ്യാന്‍ പഴയനിയമപ്രകാരം കഴിയുമായിരുന്നുവെന്നിരിക്കേ ഇപ്പോള്‍ ഇത് 90 ദിവസം വരെയാക്കി വര്‍ധിപ്പിച്ചു. പതിനഞ്ച് ദിവസംവരെ അന്വേഷണം നടത്തി മാത്രേമേ ഇനി എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യൂ.

യുഎപിഎ നിയമം സംബന്ധിച്ച വ്യവസ്ഥകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് മാത്രമേ പഴയ നിയമപ്രകാരം അന്വേഷണം നടത്താന്‍ കഴിയുമായിരുന്നുവെങ്കില്‍ ഈ അധികാരം കീഴുദ്യോസ്ഥന് നല്‍കി. സര്‍ക്കാര്‍ നല്‍കേണ്ട പ്രോസിക്യൂഷന്‍ അനുമതി ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന് നല്‍കാമെന്നാണ് പുതിയ വ്യവസ്ഥ.

കുറ്റം ചെയ്യുന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരമല്ലാതെ ഒരാളെയും ശിക്ഷിക്കരുതെന്ന തത്വം നിലനില്‍ക്കേ ജൂലൈ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ പഴയനിയമവും ഒന്നിന് ശേഷമുള്ള എഫ്ഐആറുകളില്‍ പുതിയ നിയമവുമാണ് ബാധകമാവുക. ഒരേസമയം രണ്ട് നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തര്‍ക്കങ്ങള്‍ക്ക് കാരണമാകുകയും അപ്പീലുകള്‍ അതിസങ്കീര്‍ണ്ണമാക്കുകയും കേസുകള്‍ കെട്ടിക്കിടക്കുന്നതിലേയ്ക്കും നയിക്കും.

അനിശ്ചിതത്വത്തിലേയ്ക്ക് നയിക്കുന്ന വ്യക്തതയില്ലാത്ത നിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി വ്യക്തമാക്കി.