'മിയ മുസ്‍ലിംകളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുത്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മിയ മുസ്‍ലിംകളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുതെന്ന് ഹിമന്ത പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ മത്സ്യങ്ങളില്‍ വ്യക്കരോഗത്തിന് കാരണമായേക്കാവുന്ന യൂറിയ അടങ്ങിയിട്ടുണ്ടെന്നും ഹിമന്ത ആരോപിച്ചു.

“മിയ മുസ്‍ലിംകള്‍ മത്സ്യം ഉൽപാദിപ്പിക്കുന്നതിന് യൂറിയ വളം ഉപയോഗിക്കുന്നു. അവരുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുത്. അസമുകാർ അപ്പർ അസമിൽ മത്സ്യം ഉത്പാദിപ്പിക്കേണ്ടതുണ്ട് …” ശർമ പറഞ്ഞു. യൂറിയ കലര്‍ന്ന മത്സ്യത്തിന്‍റെ ഉപഭോഗം അസമില്‍ വൃക്കരോഗങ്ങളുടെ അഭൂതപൂര്‍വമായ വര്‍ധനവിന് കാരണമായെന്ന് ശര്‍മ പറയുന്നു.

നാഗോണിലും മോറിഗാവിലും വളർത്തുന്ന മത്സ്യത്തിൻ്റെ ഉപഭോഗമാണ് ഈ വർധനവിന് കാരണമെന്നും ശർമ്മ ചൂണ്ടിക്കാട്ടി. ഈ ജില്ലകളിലെ മത്സ്യ ഉത്പാദകര്‍ അവരുടെ കൃഷിരീതികളിൽ യൂറിയയും ഗുവാഹത്തിയിൽ നിന്ന് ശേഖരിക്കുന്ന ഒരു പ്രത്യേക തരം മാലിന്യവും ഉപയോഗിക്കുന്നുണ്ടെന്ന് ശർമ്മ ആരോപിച്ചു. മത്സ്യകൃഷിയിൽ ജൈവ രീതികൾ ഉപയോഗിക്കണമെന്നും ഹിമന്ത നിര്‍ദേശിച്ചു.

അസമുകാരുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് മത്സ്യം. സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായത്തിൽ മുസ്‍ലിം വ്യവസായികള്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. നാഗോൺ, മോറിഗാവ്, കച്ചാർ എന്നിവയാണ് പ്രധാന മത്സ്യ ഉൽപാദന കേന്ദ്രങ്ങള്‍. നേരത്തെയും ഹിമന്ത മിയ മുസ്‍ലിംകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടുണ്ട്. അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെയാണ് മിയ മുസ്‌ലിംകള്‍ എന്ന് പറയുന്നത്. ബംഗാളി സംസാരിക്കാത്തവര്‍ ഇവരെ ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരെന്ന് വിശേഷിപ്പിക്കുന്നു.

നാഗോണില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സംസ്ഥാന ക്രമസമാധാന നില ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.’മിയ മുസ്‌ലിംകളെ സംസ്ഥാനം പിടിച്ചടക്കാന്‍ അനുവദിക്കില്ല’ എന്നതായിരുന്നു ഹിമന്തയുടെ പ്രസ്‌താവന.

നിരന്തരം വര്‍ഗീയ പരാമർശങ്ങൾ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. 18 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ യുനൈറ്റഡ് പ്രതിപക്ഷ ഫോറം (യുഒഎഫ്എ) ജനറൽ സെക്രട്ടറി ലുറിൻജ്യോതി ഗൊഗോയ് ദിസ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ ഫോറം പൊലീസില്‍ പരാതി നല്‍കിയത്.