ലഹരി പാർട്ടി; ആര്യൻ ഖാന് ലഹരിമരുന്ന് നൽകിയ ശ്രേയസ് നായർ കസ്റ്റഡിയിൽ, മലയാളിയെന്ന് സംശയം

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ ആര്യൻ ഖാന് ലഹരി കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്ത് ശ്രേയസ് നായരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മുംബൈ തീരത്ത് ശനിയാഴ്ച നടന്ന എംപ്രെസ് ക്രൂസ് കപ്പലിലെ ഒരു ലഹരി പാർട്ടിയിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകൾക്കും മെഡിസിൻ ബോക്സുകൾക്കുള്ളിൽ നിന്നും ലഹരിമരുന്നുകൾ പിടികൂടിയതായി ഏജൻസി അറിയിച്ചു.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന്റെ (എൻഡിപിഎസ്) നാല് വകുപ്പുകൾ പ്രകാരമാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. പിന്നീട്, മുംബൈ കോടതി ആര്യനെയും മറ്റ് പ്രതികളെയും ഒക്ടോബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആര്യൻ ഖാന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ അദ്ദേഹവും സുഹൃത്തും ഒന്നിലധികം തവണ നിയമവിരുദ്ധ ലഹരിമരുന്നിനെക്കുറിച്ച്‌ സംസാരിച്ചിരുന്നതായി എൻസിബി പറഞ്ഞു. റെയ്‌ഡിൽ ചരസ്, എം.ഡി.എം.എ, കൊക്കെയ്ൻ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ ലഹരിമരുന്നുകൾ കണ്ടെടുത്തു.

റേവ് പാർട്ടിയിൽ നിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തു. ഇതിൽ ആര്യൻ ഖാനെയും മറ്റ് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ അയച്ചു. ബാക്കിയുള്ള അഞ്ചുപേരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം എൻസിബി കോടതിയിൽ ഹാജരാക്കും. ലഹരിമരുന്ന് ഇടപാടുകാരെ കണ്ടെത്താനായി മറ്റ് അഞ്ച് പ്രതികളുടെ കൂടി റിമാൻഡും എൻസിബി ആവശ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

മുംബൈയിലെ ആഡംബര കപ്പലിൽ നിന്ന് 13 ഗ്രാം കൊക്കെയ്​നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻസിബി കോടതിയെ അറിയിച്ചു. ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻറെ ലെൻസ്​ കെയ്സിൽ നിന്നാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

Read more

കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന്​ ബോക്സിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എൻസിബി കോടതിയിൽ പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രി കപ്പൽ റെയ്ഡ് ചെയ്ത എൻസിബി, അറസ്റ്റിലായ ആളുകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഞായറാഴ്ച മുംബൈയിലെ മറ്റ് പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി.