1987 രാജ്യം പത്മഭൂഷൺ നൽകി ആധരിച്ച വ്യക്തി… ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രി… സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റ്… ഡോ. മന്‍മോഹന്‍ സിംഗ്. 1932 സെപ്തംബര്‍ 26നായിരുന്നു ഡോ. മന്‍മോഹന്‍സിംഗിന്റെ ജനനം. ഇപ്പോഴത്തെ പാക്കിസ്ഥാനിൽ ഗാഹ് എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിൻ്റെ കുടുംബം വിഭജനകാലത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
മകനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളായ ഗുര്‍മുഖ് സിംഗിന്റെയും അമൃത് കൗറിന്റെയും ആഗ്രഹം. തന്റെ മകനെ ഒരു ഡോക്ടറായി കാണാൻ ആഗ്രഹിച്ച മാതാപിതാക്കൾ മൻമോഹൻ സിംഗിനെ അമൃത്സറിലെ ഖല്‍സ കോളേജില്‍ രണ്ടു വര്‍ഷത്തെ പ്രീമെഡിക്കല്‍ കോഴ്സിന് ചേര്‍ത്തു. എന്നാൽ മാസങ്ങള്‍ക്കുള്ളില്‍ മന്‍മോഹന്‍ സിംഗ് ആ പഠനം ഉപേക്ഷിക്കുന്നു. തുടര്‍ന്ന് തന്റെ ആഗ്രഹപ്രകാരം പഞ്ചാബിലെ അമൃത്സര്‍ ഹിന്ദു കോളേജില്‍ സാമ്പത്തികശാസ്ത്രം പഠിക്കാൻ ചേര്‍ന്നു.
പഠിച്ചു തുടങ്ങിയപ്പോള്‍ ഇതാണ് തന്റെ വഴിയെന്ന് മന്‍മോഹന്‍ സിംഗ് തിരിച്ചറിഞ്ഞു. റാങ്കോടെയാണ് സാമ്പത്തികശാസ്ത്രത്തില്‍ മൻമോഹൻ സിംഗ് എം എ ബിരുദം നേടിയത്. പഠനകാലത്ത് ഡിബേറ്റിങ് ക്ലബ്ബില്‍ സജീവമായിരുന്ന മന്‍മോഹന്‍ സിംഗ് കോളേജ് മാഗസീന്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.1954-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ സെന്റ് ജോണ്‍സ് കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ ഇക്കണോമിക്സ് ട്രൈപോസ് ഡിഗ്രി പ്രവേശനം നേടിയ മന്‍മോഹന്‍ സിംഗ് അവിടത്തെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു.
ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയ്ക്കുള്ള റൈറ്റ്സ് പുരസ്‌കാരവും ആദം സ്മിത്ത് പുരസ്‌കാരവും നേടിയാണ് മൻമോഹൻ സിംഗ് തന്റെ പഠനം പൂര്‍ത്തിയാക്കുന്നത്. നിലവിൽ സെന്റ് ജോണ്‍സ് കോളേജില്‍ മന്‍മോഹന്‍ സിംഗിന്റെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേംബ്രിഡ്ജിലെ പഠനശേഷം ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് കോളേജില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ മന്‍മോഹന്‍സിംഗ് അവിടേയും അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. ഡോക്ടര്‍ ഇയാന്‍ ലിറ്റിലിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയുടെ കയറ്റുമതി പ്രകടനവും സാധ്യതകളും എന്ന വിഷയത്തിൽ മൻമോഹൻ സിംഗ് ഡോക്ടറേറ്റ് നേടി.
സിദ്ധാന്തങ്ങള്‍ നന്നായി മനസ്സിലാക്കുന്ന, എന്നാല്‍ പ്രായോഗികവാദിയായ വിദ്യാര്‍ത്ഥിയെന്നാണ് നഫീല്‍ഡ് കോളേജിലെ അധ്യാപികയും സാമ്പത്തികശാസ്ത്ര വിദഗ്ധയുമായ ജോവാന്‍ റോബിന്‍സണ്‍ പൂര്‍വവിദ്യാര്‍ത്ഥിയെപ്പറ്റി അക്കാദമിക് ഫയലില്‍ എഴുതിയത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കിയ ചടങ്ങിലാണ് റോബിന്‍സണിന്റെ ഫയല്‍ പരാമര്‍ശം യൂണിവേഴ്സിറ്റി പരസ്യമാക്കിയത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മൻമോഹൻസിംഗ് 1966-1969 കാലത്ത് ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്തു. ലളിത് നാരായൺ മിശ്ര അദ്ദേഹത്തെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ ഉപദേശകനായി നിയമിച്ചതോടെയാണ് അദ്ദേഹം തൻ്റെ ഉദ്യോഗസ്ഥ ജീവിതം ആരംഭിച്ചത്. 1970 കളിലും 1980 കളിലും, സിംഗ് ഇന്ത്യാ ഗവൺമെൻ്റിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (1972-1976), റിസർവ് ബാങ്ക് ഗവർണർ (1982-1985), ആസൂത്രണ കമ്മീഷൻ തലവൻ (1985-1987) എന്നിങ്ങനെ നിരവധി സുപ്രധാന പദവികൾ വഹിച്ചു.
ഇന്ത്യയുടെ ആദ്യത്തെ സിഖ് പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങ് വിഭജനം ബാധിച്ച മനുഷ്യരുടെ ജീവിത പ്രയത്നത്തിൻ്റെ പ്രതീകമാണ്. ഇപ്പോഴത്തെ പാക്കിസ്ഥാനിൽ ജനിച്ച് വിഭജനകാലത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്ത മൻമോഹൻ സിംഗ് 2022 ഓഗസ്റ്റ് 15ന് ഇങ്ങനെ പറഞ്ഞു.14 വയസ്സുള്ളപ്പോൾ പുതുതായി നേടിയ സ്വാതന്ത്ര്യത്തിൻ്റെ ആഹ്ലാദവും രാജ്യത്തിൻ്റെ വിഭജനത്തെ നശിപ്പിക്കുന്ന വേദനാജനകമായ ദുരന്തങ്ങളും അനുഭവിച്ചിട്ടുള്ളവനാണ് ഞാൻ. ഇനിയൊരിക്കലും ഇങ്ങനെയൊരു വിഭജനമില്ലാതെ ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ശക്തമായി വളരുമെന്ന് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. ഇതു വരെയുള്ള നേട്ടങ്ങളിൽ നമ്മുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുകയും ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. പക്ഷേ, സാമൂഹിക സൗഹാർദ്ദം തകർക്കുന്ന, ജനങ്ങളെ ഭിന്നിപ്പിക്കുന്ന, വർഗീയതയെ ഓർത്ത് ഞാൻ ആശങ്കപ്പെടുന്നു.
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ഈ വര്‍ഷം ആദ്യം രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. 2004 മെയ് 22 നും, 2009 മെയ് 22 നുമാണ് മൻമോഹൻസിംഗ് സത്യപ്രതിജ്ഞ ചെയ്തത്.1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും മൻമോഹൻ സിംഗ് സേവനമനുഷ്ഠിച്ചു.