കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ വാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. ജനങ്ങള്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് തിരികെ പോകേണ്ടി വരില്ലെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.

ജൂണ്‍ രണ്ടിന് തനിക്ക് ജയിലിലേക്ക് മടങ്ങണം. ജനങ്ങള്‍ ഇന്ത്യ സഖ്യത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ ജൂണ്‍ 4ന് റിസള്‍ട്ട് വരുന്നതോടെ തനിക്ക് ജൂണ്‍ 5ന് പുറത്തിറങ്ങാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഈ പ്രസ്താവനയ്‌ക്കെതിരെ ആയിരുന്നു ഇഡി സുപ്രീംകോടതിയെ സമീപിച്ചത്. കെജ്രിവാളിന്റെ പ്രസംഗം ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു ഇഡിയുടെ നിലപാട്.

എന്നാല്‍ ജയിലില്‍ പോകേണ്ടി വരില്ലെന്ന് പറഞ്ഞത് കെജ്രിവാളിന്റെ കാഴ്ചപ്പാടാണെന്നും തിരികെ മടങ്ങിയെത്തേണ്ട തീയതി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു കോടതിയുടെ മറുപടി. കെജ്രിവാളിന്റെ പ്രസംഗത്തിലേക്ക് കോടതി കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇഡിയെ അറിയിച്ചു.

Read more

കഴിഞ്ഞയാഴ്ച ഡല്‍ഹി ഉത്തം നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. കോടതി വിധിയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത് സ്വാഗതാര്‍ഹമാണെന്നും കോടതി അറിയിച്ചു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന കെജ്രിവാളിന് മെയ് 10ന് ആണ് കോടതി ഇടക്കാല ജാമ്യം നല്‍കിയത്.