'കെജ്‌രിവാളിന്‍റെ ഫോണിലെ നിർണായക വിവരങ്ങൾ ഇഡി ബിജെപിക്ക് ചോര്‍ത്തി കൊടുക്കുന്നു'; ഗുരുതര ആരോപണവുമായി എഎപി

ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി. ഇഡി പിടിച്ചെടുത്ത കെജ്‌രിവാളിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തി നല്‍കുന്നുവെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന ശക്തമായ ആരോപണം. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളടക്കം ഫോണില്‍ ഏറെ പ്രാധാന്യമുള്ള രേഖകളുണ്ടെന്ന പാര്‍ട്ടി പറയുന്നു.

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഇത്തരം ഗൂഢലക്ഷ്യങ്ങളാണുള്ളത്. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമായി പ്രവര്‍ത്തിക്കുന്നു. കെജ്‌രിവാളിന്റെ ഫോണില്‍നിന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാനാണെന്ന് അന്വേഷണ ഏജന്‍സിയുടെ ശ്രമമെന്നും ഡല്‍ഹിയില്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘മദ്യനയം രൂപീകരിച്ച കാലത്തെ ഫോണ്‍ ഇപ്പോള്‍ ലഭ്യമല്ല. അപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ ഫോണിന്റെ പാസ്‌വേഡ് വേണമെന്നാണ് അധികൃതരുടെ ആവശ്യം. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരണ പദ്ധികളും കണ്ടെത്താമെന്നതിനാലാണ് അവര്‍ക്ക് ഫോണ്‍ ആവശ്യം. കൂടാതെ, ഇന്ത്യ സഖ്യത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചകള്‍, സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കേണ്ട തന്ത്രങ്ങള്‍ എന്നിവയും ഫോണില്‍ നിന്നും ലഭിക്കും’, അതിഷി പറഞ്ഞു.

അതേസമയം കെജ്‌രിവാൾ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിലാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കസ്റ്റഡി തുടരാനായിരുന്നു കോടതി നിര്‍ദേശിച്ചത്. അതിനിടെ ഡൽഹി ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളിലേക്ക് എഎപി കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.