സോണിയ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ 7 മണിക്കൂറാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സോണിയ ഗാന്ധിയില്‍ നിന്നും ചോദിച്ചറിയാന്‍ ഉണ്ടെന്നാണ് ഇ.ഡി നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം. 5 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന് മുന്നില്‍ സോണിയ ഗാന്ധി ഹാജരാകും.

ആരോഗ്യ സ്ഥിതി പരിഗണിച്ച് രണ്ട് ഡോക്ടര്‍മാര്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഇന്നും ഇ.ഡി ആസ്ഥാനത്ത് ഒരുക്കും. യങ് ഇന്ത്യ കമ്പനി എ ജെ എല്ലിന്റെ സ്വത്ത് ഏറ്റെടുത്തത് ചട്ടങ്ങള്‍ പാലിച്ചാണോ ? കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയില്‍ നിന്ന് ഒരു കോടി വയ്പ എടുത്തത് രേഖകളില്‍ മാത്രമാണോ തുടങ്ങിയ കാര്യങ്ങള്‍ ഇന്നലെ ചോദിച്ചറിഞ്ഞു. അതേസമയം ഇന്നും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

Read more

അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ക്രയവിക്രയത്തിലൂടെ 2,000 കോടിയിലധികം രൂപയുടെ സ്വത്ത് ദുരുപയോഗം ചെയ്തു എന്നാണ് ഇഡി കേസ്. കേസില്‍ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.