എട്ട് കോടി നല്‍കിയില്ല, ബിസിനസുകാരനായ 54കാരനെ കൊലപ്പെടുത്തി കത്തിച്ചു; 29കാരിയായ ഭാര്യയും സുഹൃത്തുക്കളും പിടിയില്‍

കര്‍ണാടക കുടകിലെ കാപ്പിത്തോട്ടത്തില്‍ നിന്ന് മൂന്നാഴ്ച മുന്‍പ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ചുരുളഴിച്ചത് ആസൂത്രിത കൊലപാതകം. രമേഷ് എന്ന വ്യവസായിയുടേതാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രമേഷിന്റെ ഭാര്യ നിഹാരികയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

54കാരനായ ബിസിനസുകാരന്‍ രമേഷിന്റെ രണ്ടാം വിവാഹമായിരുന്നു 29കാരിയായ നിഹാരികയുമായി. നിഹാരികയെ കൂടാതെ കാമുകനും മൃഗഡോക്ടറുമായ നിഖില്‍ സുഹൃത്ത് അങ്കുര്‍ എന്നിവരും പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കുടകിലെ സുന്തിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിലായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പുരുഷന്റെ മൃതദേഹം എന്നതിലുപരി പൊലീസിന് മറ്റ് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവ സ്ഥലത്ത് ഒരു കാര്‍ വന്ന് പോയതായി കണ്ടെത്തിയിരുന്നു. രമേഷ് എന്ന വ്യക്തിയുടേതാണ് കാറെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസില്‍ പരാതി നല്‍കിയതായി അന്വേഷണസംഘം മനസിലാക്കി.

പിന്നാലെ നിഹാരികയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന പൊലീസിന്റെ സംശയം ബലപ്പെട്ടു. കൂടുതല്‍ സമയം ചോദ്യം ചെയ്തതോടെ നിഹാരിക പൊലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. നിഹാരികയുടെയും രണ്ടാം വിവാഹമായിരുന്നു രമേഷുമായി.

Read more

ആര്‍ഭാട പൂര്‍ണമായ ജീവിതത്തിനിടയില്‍ നിഖിലുമായി നിഹാരിക പ്രണയത്തിലാകുന്നു. തുടര്‍ന്ന് രമേഷിനോട് നിഹാരിക എട്ട് കോടി രൂപ ആവശ്യപ്പെട്ടു. രമേഷ് വിസമ്മതിച്ചതോടെ അങ്കുര്‍ എന്ന പരിചയക്കാരനെയും കൂട്ടി നിഹാരികയും നിഖിലും ചേര്‍ന്ന് രമേഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഹൈദരാബാദിലെ ഉപ്പലില്‍ വച്ച് ശ്വാസം മുട്ടിച്ചാണ് പ്രതികള്‍ രമേഷിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കാപ്പിത്തോട്ടത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു.