മുനമ്പത്ത് നടന്നിരിക്കുന്നത് അനധികൃത കൈയേറ്റം; 404.76 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കണം; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തള്ളി വഖഫ് ബോര്‍ഡ്; ഒന്നിച്ചെതിര്‍ത്ത് ക്രൈസ്തവസഭ ബിഷപ്പുമാര്‍

മുനമ്പത്തെ ഭൂമി തിരിച്ച് പിടിച്ച് നല്‍കണമെന്ന് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സംസ്ഥാന വഖഫ് ബോര്‍ഡ്. മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമിയില്‍ നടന്നിരിക്കുന്നത് കൈയേറ്റമാണെന്നും ഇത് ഉടന്‍ ഒഴിപ്പിക്കണമെന്നുമാണ് വഖഫ് ബോര്‍ഡ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതു സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെയെല്ലാം തകര്‍ക്കുന്ന നീക്കമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ കമീഷന് മുന്നില്‍ ഇന്നലെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. മുനമ്പത്തെ ആധാരങ്ങള്‍ നിയമവിരുദ്ധമായി തയാറാക്കിയവയവണ്. ഇവയ്ക്ക് സാധുതയില്ലെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. വഖഫ് ബോര്‍ഡ് നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ ജനുവരി 10നുശേഷം കലക്ടറേറ്റില്‍ വിശദമായ തെളിവെടുപ്പ് ആരംഭിക്കാനാണ് കമീഷന്‍ തീരുമാനം.

അതേസമയം, മുനമ്പം ഭൂമി വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു ക്രൈസ്തവ സഭാ കൂട്ടായ്മയായ ആക്ട്‌സിന്റെ നേതൃത്വത്തില്‍ 4 ബിഷപ്പുമാര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു. ആക്റ്റ്‌സ് പ്രസിഡന്റ് ബിഷപ് ഉമ്മന്‍ ജോര്‍ജ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, റവ. ഡോ. സി.എ.വര്‍ഗീസ്, ലഫ്. കേണല്‍ സാജു ഡാനിയല്‍, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ സമര പന്തലില്‍ പ്രസംഗിച്ചു.

ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ പ്രസിഡന്റ് ഷെറി ജെ. തോമസ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിയ്ക്കാപ്പറമ്പില്‍, മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളായ ഫാ. ആന്റണി സേവ്യര്‍ തറയില്‍, സെബാസ്റ്റ്യന്‍ റോക്കി, ജോസഫ് ബെന്നി എന്നിവരും പങ്കെടുത്തു.

യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് (ഓര്‍ത്തഡോക്‌സ് സഭ )

മുനമ്പം ജനതയുടെ ഭൂമി പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം. ഇത് ക്രൈസ്തവരുടെ മാത്രം പ്രശ്‌നമല്ല മറിച്ച് സമൂഹത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണ്. റവന്യു അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുനമ്പം ജനത ധര്‍മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള അവരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാവണം. സമൂഹനന്മയ്ക്ക് ഉതകുന്ന നടപടികള്‍ വൈകരുത്.

ബിഷപ് ഡോ.ഉമ്മന്‍ ജോര്‍ജ്(സിഎസ്‌ഐ സഭ)

മുനമ്പം ജനതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പോരാട്ടം ശക്തമായിത്തന്നെ തുടരണം. അതിന് ഫലം ഉണ്ടാവും. ന്യായമായ സമരങ്ങള്‍ വിജയിക്കാതിരുന്നിട്ടില്ല. സഭകളുടെ ഒന്നടങ്കമുള്ള പിന്തുണ മുനമ്പം ജനതയ്ക്ക് ഉണ്ടാകും.

മാത്യൂസ് മാര്‍ സില്‍വാനിയോസ് (ബിലീവേഴ്‌സ് ചര്‍ച്ച് – ഈസ്റ്റേണ്‍ സഭ)

മുനമ്പം ജനതയ്ക്ക് നീതി ലഭ്യമാക്കാന്‍ ഭരണസംവിധാനങ്ങള്‍ എത്രയും വേഗം രംഗത്തിറങ്ങണം. മുനമ്പത്തെ നീറുന്ന പ്രശ്‌നം കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല. മലയോരവും തീരദേശവും പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന മേഖലകളാണ്. അവിടെ സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ സംവിധാനങ്ങള്‍ വേണം. അതിന് ഉത്തരവാദപ്പെട്ടവര്‍ എത്രയും വേഗം രംഗത്തുവരണം

ഡോ.സി.എ.വര്‍ഗീസ് (മാര്‍ത്തോമ്മ സഭ)

മുനമ്പത്ത് വേദന അനുഭവിക്കുന്നവര്‍ക്ക് ഒപ്പം ക്രൈസ്തവ സഭാ നേതൃത്വം ഒറ്റക്കെട്ടായി ഉണ്ടാവും. മുനമ്പത്തെ ജനങ്ങള്‍ ധൈര്യത്തോടുകൂടി മുന്നോട്ടുപോകണം. അവര്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവും.

സാജു ഡാനിയേല്‍ (സാല്‍വേഷന്‍ ആര്‍മി)

മുനമ്പത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. അവരുടെ സമരത്തിന് ദിനംപ്രതി പിന്തുണ ഏറിവരികയാണ്. ശക്തമായ പിന്തുണയുമായി സമരക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്.