'നിരന്തരം വർഗീയത പറയുന്നു'; അസം മുഖ്യമന്ത്രിക്കെതിരെ പതിനെട്ട് പ്രതിപക്ഷ പാർട്ടികൾ, പൊലീസിൽ പരാതി നൽകി

നിരന്തരം വര്‍ഗീയ പരാമർശങ്ങൾ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ യുനൈറ്റഡ് പ്രതിപക്ഷ ഫോറം (യുഒഎഫ്എ) ജനറൽ സെക്രട്ടറി ലുറിൻജ്യോതി ഗൊഗോയ് ദിസ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. മിയ മുസ്‌ലിംകളെ സംസ്ഥാനത്തേക്ക് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ പ്രസ്താവനക്കെതിരെയാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്.

ഇന്‍ഡ്യ സഖ്യവുമായി സഹകരിക്കുന്ന അസമിലെ 18 പ്രതിപക്ഷ പാർട്ടികളുടെ ഫോറമാണ് യുഒഎഫ്എ. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ ഫോറം പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം പരാതി കൊടുത്തെങ്കിലും ഇതുവരെ കേസ് എടുത്തിട്ടില്ല.

ഗുവാഹത്തിയിൽ നിന്ന് ‘മിയ’ എന്ന് വിളിക്കുന്ന മുസ്ലിംകളെ ഒഴിപ്പിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചത്, മാധ്യമപ്രവര്‍ത്തകന്റെ പേര് ചോദിച്ച് വിദ്വേഷം ചൊരിഞ്ഞത്, പ്രളയ ജിഹാദ്, മുസ്‌ലിം കുടിയേറ്റം തുടങ്ങി അടിക്കടി ഹിമന്ത ബിശ്വ ശർമ്മ നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ ചരിത്രമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

‘അസമിലെ 18 പ്രതിപക്ഷ പാർട്ടികളാണ് മുഖ്യമന്ത്രിക്കെതിരെ സംയുക്തമായി പരാതി നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്നതു മുതൽ അസം മുഖ്യമന്ത്രി സഭയ്ക്കുള്ളിൽ പോലും വർഗീയ കലാപം സൃഷ്ടിക്കാനും വിദ്വേഷ പ്രസ്താവനകൾ നടത്താനും ശ്രമിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങൾ രാഷ്ട്രപതിക്കും കത്തെഴുതും’- അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ ബോറ പറഞ്ഞു.

നാഗോണിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവവും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നവും ചർച്ചയ്ക്ക് വന്നപ്പോഴാണ് ശർമ്മ വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തെ വർഗീയവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ ബിജെപി പ്രവർത്തകരും നേതാക്കളും ചേർന്ന് ശിവസാഗറിൽ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് നേരെ ആക്രമണം നടത്തിയതായി പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.

Read more