മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം സംബന്ധിച്ചുണ്ടായ വ്യാപക ക്രമക്കേട് ആരോപണങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും സംശയമുന ഉയരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ വിസമ്മതിയ്ക്കുന്നുവെന്ന ആക്ഷേപമാണ് ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഉന്നയിക്കുന്നത്. ഡല്‍ഹിയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കുകള്‍ അപ്ലോഡ് ചെയ്യാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെ അറിയാമെന്നിരിക്കെയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും ബാന്ധവം സംശയത്തിലാക്കിയുള്ള ആംആദ്മി പാര്‍ട്ടിയുടെ ആക്ഷേപം. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിയ്ക്ക് വിജയം പ്രഖ്യാപിച്ചു കളമൊരുക്കിയതോടെയാണ് ആരോപണം ശക്തമാക്കി അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും പോള്‍ ചെയ്ത വോട്ടുകള്‍ തമ്മിലുള്ള അന്തരം വലിയ വിവാദത്തിന് ഇടയാക്കിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാര്യമായ വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുകയായാരുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ ആപും കാര്യമായ ആക്ഷേപമാണ് ബിജെപിയ്‌ക്കെതിരെ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത്.
നിരവധി അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടും ഓരോ അസംബ്ലിയിലും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും ഫോം 17 സിയും അപ്ലോഡ് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു.ആം ആദ്മി പാര്‍ട്ടി transparentelections.in എന്ന വെബ്സൈറ്റ് ഉണ്ടാക്കിയിട്ടുണ്ടെന്നും അവിടെ എല്ലാ അസംബ്ലിയുടെയും 17 സി ഫോമും തങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ഫോമില്‍ ഓരോ ബൂത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ എല്ലാ വിശദാംശങ്ങളും ഉണ്ട്.
Read more
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയ നീക്കങ്ങളെ ചെറുക്കാന്‍ ആപ് ചെയ്ത കാര്യങ്ങള്‍ കെജ്രിവാള്‍ എക്‌സ് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷേധാത്മക സമീപനം തുറന്നുകാട്ടാനും സ്വയം പ്രതിരോധിക്കാനുമാണ് ആംആദ്മിയുടെ ശ്രമം. എല്ലാ അസംബ്ലിയിലെയും എല്ലാ ബൂത്തിലെയും ഡാറ്റ ഒരു പട്ടികയിലാക്കി തങ്ങള്‍ അവതരിപ്പിക്കുമെന്നാണ് ആംആദ്മി പറയുന്നത്. അതിലൂടെ ഓരോ വോട്ടര്‍ക്കും ഈ വിവരങ്ങള്‍ നേരിട്ട് അറിയാ ചെയ്യാന്‍ കഴിയും. ഇത് സുതാര്യതയുടെ താല്‍പ്പര്യാര്‍ത്ഥം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ചെയ്യേണ്ട കാര്യമാണെന്നും പക്ഷേ അവര്‍ ഇത് ചെയ്യാന്‍ വിസമ്മതിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.