പണം തട്ടിപ്പു കേസ്; വിവോയുടെ ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

പണം തട്ടിപ്പു കേസില്‍ വിവോ ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. നാല്‍പ്പത്തിനാലു കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്.

വിവോയുമായും അനുബന്ധ കമ്പനികളുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു പരിശോധന. റെയ്ഡിനെക്കുറിച്ച് വിവോ പ്രതികരിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ഒരു ഡിസ്ട്രിബ്യൂട്ടിങ് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ എഫ്‌ഐആര്‍.

കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് തുടങ്ങിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ചൈനീസ് സ്ഥാപനങ്ങൾക്കും അവരുമായി ബന്ധപ്പെട്ട ഇന്ത്യൻ പ്രവർത്തകർക്കുമെതിരെ കേന്ദ്രസർക്കാരിന്റെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് നടപടി.

കഴിഞ്ഞ വർഷം ഡിസംബറിൽ നിരവധി ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ, അവരുടെ വിതരണക്കാർ, ബന്ധമുള്ള കൂട്ടാളികൾ എന്നിവരുടെ പരിസരത്ത് ആദായനികുതി വകുപ്പ് രാജ്യത്തുടനീളം റെയ്ഡ് നടത്തിയിരുന്നു.