ബാലാക്കോട്ടും പുല്‍വാമയും പറഞ്ഞ് വോട്ടു പിടിക്കാനുള്ള വെമ്പലിലാണ് രാഷ്ട്രീയ നേതാക്കള്‍. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷം സ്വന്തം ഉപജീവനമാര്‍ഗം തന്നെ നഷ്ടപ്പെടുത്തുമോ എന്ന ഭയത്തില്‍ കഴിയുകയാണ് പഞ്ചാബിലെ പാക് അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് കര്‍ഷകര്‍. വിഭജനത്തില്‍ അതിര്‍ത്തിക്ക് അപ്പുറത്തായ സ്വന്തം മണ്ണും അതിലെ ഉപജീവനവും എന്നന്നേക്കുമായി നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് അമൃതസറിലെ കര്‍ഷക കുടുംബങ്ങള്‍.
ഇവിടെ അതിര്‍ത്തിയിലെ ഗേറ്റ് പലപ്പോഴും അടച്ചിടാറാണ് പതിവ്. ബിഎസ്എഫിനോട് പറഞ്ഞാലും കാര്യമൊന്നുമില്ല. അതിര്‍ത്തി സംഘര്‍ഷം ഉണ്ടാകുമ്പോള്‍ കമ്പിവേലിക്ക് അടുത്തേക്ക് പോലും പോകാന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്ന് കര്‍ഷകനായ ജസ്വീര് സിങ്ങ് പറയുന്നു.
അതിര്‍ത്തി ഗ്രാമമായ കക്കട്ടില്‍ താമസിക്കുന്ന സുഖ്ബീന്ദര്‍ സിങ്ങിന് അതിര്‍ത്തിക്കപ്പുറത്ത് സ്വന്തമായി 20 ഏക്കര്‍ കൃഷിയിടമുണ്ട്. ഉടമസ്ഥാവകാശവും അതിര്‍ത്തി കടന്ന് കൃഷി ചെയ്യാനുള്ള അനുമതിപത്രവും സ്വന്തമായുണ്ടായിട്ടും ഇയാള്‍ക്ക് കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. പുല്‍വാമ-ബാലാക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്ന് അതിര്‍ത്തി സംഘര്‍ഷഭരിതമായതോടെ ബിഎസ് എഫ് ചെക്ക്പോസ്റ്റ് കടന്ന് സ്വന്തം കൃഷിയിടത്തേക്ക് എത്താന്‍ ബുദ്ധിമുട്ടാ അവസ്ഥയാണ്.
നേരത്തെ രാവിലെ 9 മുതല്‍ അഞ്ച് വരെ കൃഷിയിടത്തില്‍ പണിചെയ്ത് മടങ്ങാന്‍ കഴിയുമായിരുന്നു. എന്നാല്‍ വെറും അഞ്ച് മണിക്കൂര്‍ മാത്രമേ പണിയെടുക്കാനുള്ള അവകാശമുള്ളു. അവധി ദിനങ്ങളില്‍ പ്രവേശനവുമില്ല. ഇതോടെ സുഖ്ബീന്ദര്‍ സിങ്ങ് ഉപജീവനമാര്‍ഗ്ഗം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയാണ് .
Read more
ഇന്ത്യാ പാക് വിഭജന സമയത്ത് പഞ്ചാബിലെ ആയിരക്കണക്കിന് കര്‍ഷകകുടുംബങ്ങളുടെ ഭൂമി അതിര്‍ത്തിക്കപ്പുറത്തായി. അതിര്‍ത്തികടന്ന് കൃഷിചെയ്ത് ഉപജീവനം നടത്താന്‍ നയതന്ത്രതലത്തിലുണ്ടാക്കിയ ധാരണ ബിഎസ്എഫ് അട്ടിമറിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ബിഎസ്എഫിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലെന്നും ഇവര്‍ പറയുന്നു.