'അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, അമിത ആവേശം കാണിക്കരുത്'; കോൺഗ്രസ് എംപിക്കെതിരെ ഗുജറാത്ത് പൊലീസിട്ട എഫ്ഐആർ റദ്ദാക്കി സുപ്രീംകോടതി

സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് സുപ്രീംകോടതി. ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് എംപി ഇമ്രാൻ പ്രതാപ്​ഗർഹി നൽകിയ ഹർജി പരിശോധിക്കുന്നതിനിടെ ആയിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ‘ഏ ഖൂൻ കേ പ്യാസേ ബാത് സുനോ’ എന്ന ​ഗാനത്തിന്റെ പേരിലാണ് ഇമ്രാനെതിരെ ​ കേസ് രജിസ്റ്റർ ചെയ്തത്.

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കുന്ന തരത്തിലുള്ള ​ഗാനമാണ് ഇമ്രാൻ പങ്കുവച്ചതെന്നായിരുന്നു ആരോപണം. എന്നാൽ എഫ്‌ഐആർ സുപ്രീംകോടതി റദ്ദാക്കി. എംപിക്കെതിരെ നടപടിയെടുക്കുന്നതിൽ ​ഗുജറാത്ത് പൊലീസ് അമിത താൽപ്പര്യം കാണിക്കുന്നുവെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ഇത്തരത്തിലുള്ള കേസുകളെടുക്കുമ്പോൾ പൊലീസ് കുറച്ചുകൂടെ ജാ​ഗ്രത പാലിക്കണമെന്നും കോടതി വിമർശിച്ചു.

ആർട്ടിക്കിൾ 19(1) പ്രകാരമുള്ള അവകാശങ്ങളെ ആർട്ടിക്കിൾ 19(2) ഉപയോ​ഗിച്ച് തടയാൻ ശ്രമിക്കരുതെന്നും സംസാരത്തിനുമേലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് യുക്തസഹമായ കാര്യങ്ങൾക്ക് വേണ്ടിയാകണമെന്നും കോടതി പറഞ്ഞു. ജനാധിപത്യ സമൂഹത്തിൽ അഭിപ്രായം പറയാനും അതിനെ എതിർക്കാനുമുള്ള സ്വാതന്ത്യമുണ്ട്. ഒരാൾ പറയുന്ന പോയിന്റിനെ മറ്റൊരു പോയിന്റിലൂടെ മാത്രമാണ് എതിർക്കേണ്ടത്.

ഒരു വിഭാ​ഗം ആളുകൾ ഒരു വ്യക്തിയുടെ അഭിപ്രായത്തെ എതിർത്താലും അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തിയുടെ അവകാശത്തെയും സ്വാതന്ത്യത്തെയും മാനിക്കണമെന്നും എഫ്ഐആർ റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇമ്രാൻ നൽകിയ ഹർജി ​ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇമ്രാൻ സുപ്രീംകോടതിയെ സമീപിച്ചത്.