ഹൈദരാബാദിലെ കൂട്ടബലാത്സംഗം; ഒരാള്‍ അറസ്റ്റില്‍, സംഘത്തിലെ ഒരാള്‍ എം.എല്‍.എയുടെ മകനെന്ന് പൊലീസ്

ഹൈദരാബാദില്‍ കാറിനുള്ളില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ നിയമം അനുസരിച്ചാണ് ഇവര്‍ക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് ഐപിസി 376 (കൂട്ടബലാത്സംഗം) സെക്ഷനും ചുമത്തുകയായിരുന്നു.

അതേസമയം പ്രതികളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ എംഎല്‍എയുടെ മകനാണെന്ന് പൊലീസ് സ്ഥീരീകരിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ തെലുങ്കാന എംഎല്‍എയുടെ പേരില്‍ ഉളളതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംഎല്‍എയുടെ മകന്‍ സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സംഭവത്തില്‍ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

17 വയസ്സുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. മെയ് 28 ശനിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കാം എന്ന വാഗ്ദാനം നല്‍കി കാറില്‍ കയറ്റുകയും പിന്നീട് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ പാര്‍ക്കിലേക്ക് കൊണ്ടപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുളളവര്‍ കാറിന് പുറത്ത് കാവല്‍ നില്‍ക്കുമ്പോള്‍ അക്രമികള്‍ മാറിമാറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതികള്‍ ഒരു കഫേയില്‍ ആണെന്നാണ് എംഎല്‍എയുടെ കുടുംബം പറഞ്ഞത്.

അഞ്ച് പ്രതികളില്‍ ഒരാള്‍ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി എംഎല്‍എയുടെ മകനാണെന്നും മറ്റൊരാള്‍ ന്യൂനപക്ഷ ചെയര്‍മാന്റെ മകനാണെന്നും ബിജെപിആരോപിച്ചിരുന്നു. ആക്രമണം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.