ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റകള്‍ വിദേശ സെര്‍വറുകളിലേക്ക് കൈമാറുന്നു; 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ അപ്പുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ അപ്പുകളും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിരോധിച്ചു. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അടിയന്തരമായി 232 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഐ.ടി മന്ത്രാലയം വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

Read more

ഈ ആപ്പുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടവ് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ആപ്പുകള്‍ വഴി ചെറിയ തുക വായ്പയെടുത്ത വ്യക്തികളെ കൊള്ളയടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇരട്ടിയിലധികം തുക അടച്ചിട്ടും ആപ്പിനു പിന്നിലുള്ളവര്‍ വീണ്ടും തുക ആവശ്യപ്പെട്ടതോടെ ആളുകള്‍ ജീവനൊടുക്കുന്ന സാഹചര്യം വരെയുണ്ടായി. തിരിച്ചടവ് മുടങ്ങുന്നതോടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 500 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇക്കുറി നിരോധിച്ച ആപ്പുകളുടെ പേര് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.