ഗുജറാത്തില്‍ താമര തേരോട്ടം; ഹിമാചലില്‍ കോണ്‍ഗ്രസ് കുതിപ്പ്; നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒപ്പത്തിനൊപ്പം

ഗുജറാത്തില്‍ മിന്നുന്ന വിജയം കരസ്ഥാമാക്കിയ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി ഹിമാചലിലെ കോണ്‍ഗ്രസ് മുന്നേറ്റം. ഗുജറാത്തില്‍ 150 അധികം സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് 17 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ ആറു സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി വരവ് അറിയിച്ചു. 11 ശതമാനം വോട്ട് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം കുറക്കാനും ആപിന്റെ വരവ് കാരണമായി.
ഗുജറാത്തില്‍ 1985 ല്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോര്‍ഡ് കടന്ന് ബിജെപി മുന്നേറുകയാണ്. ഇത്തവണത്തെ വിജയം കൂടി കണക്കിലെടുത്ത്, തുടര്‍ഭരണത്തില്‍ സിപിഐഎമ്മിന്റെ ബംഗാളിലെ റെക്കോര്‍ഡിനൊപ്പമെത്തും ബിജെപി.

Read more

എന്നാല്‍, ഗുജറാത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് ഹിമാചല്‍പ്രദേശിലെ സ്ഥിതി. ഹിമാചലില്‍ കോണ്‍ഗ്രസാണ് മുന്നേറുന്നത്. ഹിമാചലില്‍ 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 3ഠ സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. തുടര്‍ ഭരണം പ്രതീക്ഷിച്ച ബിജെപിയ്ക്ക് 29 സീറ്റുകളില്‍ മുന്നേറ്റം നടത്താനെ സാധിച്ചിട്ടുള്ളൂ. ഗുജറാത്തില്‍ 2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 99ഉം കോണ്‍ഗ്രസ് 77ഉം ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രണ്ടും സ്വതന്ത്രര്‍ മൂന്നും എന്‍.സി.പി ഒരു സീറ്റിലുമാണ് നേടിയത്. ഹിമാചല്‍ പ്രദേശില്‍ 2017ല്‍ ബി.ജെ.പി 44ഉം കോണ്‍ഗ്രസ് 21ഉം സ്വതന്ത്രര്‍ രണ്ടും സി.പി.എം ഒരു സീറ്റിലുമാണ് വിജയിച്ചത്.