ഗ്യാൻവാപി മസ്ജിദ് തർക്കത്തിൽ നിർണായക കണ്ടെത്തലുകളുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യുടെ റിപ്പോർട്ട് പുറത്ത്. ഗ്യാൻവാപി മസ്ജിദിന്റെ സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന കണ്ടെത്തലുള്ള എഎസ്‌ഐ റിപ്പോർട്ടാണ് പുറത്തായത്.
ഗ്യാൻവാപി കേസിലെ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്‌നാണ് ഇന്ന് എഎസ്‌ഐ റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥലത്ത് ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘നിലവിലുള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എഎസ്‌ഐ റിപ്പോർട്ട് പ്രകാരം പറയാനാകും. ഇത് എഎസ്‌ഐയുടെ നിർണായക കണ്ടെത്തലാണ്’- അഭിഭാഷകൻ വിഷ്ണു ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറൻ മതിൽ ഹിന്ദു ക്ഷേത്രത്തിന്റേതാണ്, ദേവനാഗിരി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ 32 ഹിന്ദു ലിഖിതങ്ങളും പള്ളിയിൽ കണ്ടെത്തി, ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിനെ ഉദ്ധരിച്ച് വിഷ്ണു ശങ്കർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ജൂലൈ 21ന് ജില്ലാ കോടതി പാസാക്കിയ ഉത്തരവിനെ തുടർന്നാണ് ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിഞ്ഞതെന്ന് കണ്ടെത്തുന്നതിന് വേണ്ടി എഎസ്‌ഐ ഗ്യാൻവാപി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്തിയത്. 17ാം നൂറ്റാണ്ടിൽ ക്ഷേത്രത്തിന് മുകളിലായിരുന്നു പള്ളി പണിതതെന്ന ഹിന്ദു വിഭാഗത്തിന്റെ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
Read more
ഡിസംബർ 18ന് സീൽ വച്ച കവറിൽ എഎസ്‌ഐ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എട്ട് തവണ മാറ്റിവെച്ചതിന് തുടർന്നാണ് അന്ന് എഎസ്‌ഐ റിപ്പോർട്ട് സമർപ്പിച്ചത്. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് എഎസ്‌ഐ നടത്തിയ സർവേയുടെ കോപ്പി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ഹിന്ദു, മുസ്‌ലിം വിഭാഗങ്ങൾ രംഗത്ത് വന്നിരുന്നു.