ഗ്യാന്‍വാപി വിഷയം; സമൂഹ മാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപണം, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍. ഹിന്ദു കോളേജിലെ ചരിത്ര അധ്യാപകനായ് ഡോ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. രത്തന്‍ ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

അധ്യാപകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണ് എന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം രാത്രി രത്തന്‍ ലാലിനെ അറ്‌സറ്റ് ചെയ്തുവെന്ന് ഡല്‍ഹി നോര്‍ത്ത് ഡിസിപി സാഗര്‍ സിംഗ് കല്‍സി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ, 295 എ എന്നാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഗ്യാന്‍വാപി മസ്ജിദ് കേസ് വാരാണസി സിവില്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. സിവില്‍ കോടതിയിലെ നടപടികള്‍ നിര്‍ത്തി വെക്കണം. മെയ് 17 ലെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ജില്ലാക്കോടതിയിലേക്ക് കൈമാറണം. കേസിലെ സങ്കീര്‍ണതയും വൈകാരികതയും കണക്കിലെടുത്താണ് തീരുമാനം. മസ്ജിദിന്റെ അവകാശവാദം ഉന്നയിച്ചുള്ള ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യംആദ്യം തീരുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പ്രാര്‍ത്ഥനയ്ക്ക് മുമ്പ് ശുചീകരണ സൗകര്യമൊരുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശുചീകരണത്തിനുള്ള കുളം അടച്ചിടാനാവില്ലെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഗ്യാന്‍വാപി മസ്ജിദ് കേസില്‍ ഹര്‍ജി പരിഗണിക്കവെ കോടതി മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. കേസ് വാരണാസി സിവില്‍ കോടതിയില്‍ തുടരുക, തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് തുടരുക, വേണമെങ്കില്‍ കേസ് ജില്ലാക്കോടതിക്ക് വിടുക എന്നിവയായിരുന്നു നിര്‍ദ്ദേശങ്ങള്‍.

Read more

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് അവസാനിപ്പിക്കണം. മതസ്ഥാപനത്തിന്റെ സ്വഭാവം പരിശോധിക്കാനുള്ള സര്‍വേക്ക് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മൂന്ന് നിര്‍ദ്ദേശങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദിച്ചത്. മസ്ജിദിലെ കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് കമ്മിറ്റി തള്ളി.കണ്ടെത്തിയത് ജലധാരയാണെന്നും കമ്മിറ്റി കോടതിയെ അറിയിച്ചു. ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം ലംഘിക്കപ്പെടുകയാണ്. തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും സുപ്രിംകോടതി ഉചിതമായ തീരുമാനമെടുക്കണമെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു.