വാരണാസിയിലെ ഗ്യാൻവാപി പള്ളി നിലനിൽക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് (എഎസ്‌ഐ) ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ പള്ളി ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് പുരാവസ്തുവകുപ്പ് സ്ഥിരീകരിച്ചെന്നും മുസ്ലിങ്ങൾ പള്ളി ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്നും വിഎച്ച്പി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Press statement:
HANDOVER THE GYANVAPI STRUCTURE TO HINDUS: ALOK KUMARNew Delhi. Jan, 27,2024. The ASI, an official and expert body, has submitted its report to the District Judge hearing the Gyanvapi matter in Kashi. The Int’l working president of Vishva Hindu Parishad and… pic.twitter.com/vGNrTNvrSK
— Vishva Hindu Parishad -VHP (@VHPDigital) January 27, 2024
മനോഹരമായ ക്ഷേത്രം തകർത്തതിന് ശേഷമാണ് പള്ളി നിർമിച്ചതെന്ന് എഎസ്ഐ പുറത്തുവിട്ട തെളിവുകളിൽ നിന്ന് വ്യക്തമാണ്. ഗ്യാൻവാപി മസ്ജിദ് മാന്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും കാശി വിശ്വനാഥൻ്റെ യഥാർത്ഥ സ്ഥലം ഹിന്ദു സൊസൈറ്റിക്ക് കൈമാറാനും അലോക് കുമാർ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഭാരതത്തിലെ രണ്ട് പ്രമുഖ സമൂഹങ്ങൾക്കിടയിൽ സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിരിക്കും ഇതെന്നും അലോക് കുമാർ പറഞ്ഞു.
ഗ്യാൻവാപി കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിക്ക് എഎസ്ഐ റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും ശേഖരിച്ച തെളിവുകൾ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് വ്യക്തമാക്കുന്നതായും അലോക് കുമാർ അവകാശപ്പെട്ടു. പള്ളിയുടെ പടിഞ്ഞാറൻ മതിൽ, ഹിന്ദു ക്ഷേത്രത്തിൻ്റെ അവശേഷിക്കുന്ന ഭാഗമാണെന്നും തൂണുകളും പൈലസ്റ്ററുകളും ഉൾപ്പെടെ ക്ഷേത്രത്തിൻ്റെ ഭാഗങ്ങൾ പരിഷ്കരിച്ചതാണെന്നും റിപ്പോർട്ട് തെളിയിക്കുന്നു. ലിഖിതങ്ങളിൽ ജനാർദന, രുദ്ര, ഉമേശ്വര എന്നീ പേരുകൾ കണ്ടെത്തിയത് ഇതൊരു ക്ഷേത്രമാണെന്നതിന്റെ തെളിവാണ്. വസുഖാനക്ക് ശിവലിംഗത്തിന്റെ ആകൃതിയാണെന്നുള്ളത് അത് പള്ളിയല്ലെന്ന് തെളിയിക്കുന്നുവെന്നും എഎസ്ഐ റിപ്പോർട്ടിലെ കണ്ടെത്തലുകളെ ഉദ്ധരിച്ചുകൊണ്ട് അലോക് കുമാർ അവകാശപ്പെട്ടു.
എഎസ്ഐയുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും 1947 ഓഗസ്റ്റ് 15നും ഇപ്പോഴും അതൊരു ക്ഷേത്രമാണെന്ന് തെളിയിക്കുന്നതാണെന്നും അലോക് കുമാർ പറയുന്നു. 1991ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ നാല് പ്രകാരം കെട്ടിടം ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും അലോക് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാൻവാപിയിൽ കടുത്ത നിലപാടിലേക്കില്ലെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ സമീപനം തിരുത്തുന്നതാണ് പ്രസിഡന്റിന്റെ പുതിയ നീക്കം.
അതേസമയം പള്ളിയിലെ ഒരു മുറിക്കുള്ളിൽ നിന്ന് അറബിക്- പേർഷ്യൻ ലിഖിതത്തിൽ മസ്ജിദ് ഔറംഗസേബിന്റെ ഭരണകാലത്താണ് (1676-77 CE) നിർമിക്കപ്പെട്ടതെന്ന് പരാമർശിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പൊളിക്കുകയായിരുന്നു. ഒരു ഭാഗം പൊളിച്ച് പരിഷ്‌കരിച്ച നിലവിലുള്ള ഘടനയിലേക്ക് മാറ്റുകയായിരുന്നുവെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
55 ശിലാശിൽപ്പങ്ങളാണ് ആർക്കിയോളജിക്കൽ സർവേയിൽ ഗ്യാൻവാപിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 15 ശിവലിംഗങ്ങൾ, മൂന്ന് വിഷ്ണു ശിൽപ്പം, മൂന്ന് ഗണേശ ശിൽപ്പം, രണ്ട് നന്ദി ശിൽപ്പം, രണ്ട് കൃഷ്ണ ശിൽപ്പം, അഞ്ച് ഹനുമാൻ ശിൽപ്പം എന്നിവ ഉൾപ്പെടുന്നതായി ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ പറയുന്നു. ആകെ 259 ശിലാവസ്തുക്കളാണ് എഎസ്ഐ കണ്ടെത്തിയിട്ടുണ്ട്. 55 ശിലാശിൽപ്പങ്ങൾക്ക് പുറമെ 21 ഗാർഹിക വസ്തുക്കൾ, ആലേഖനമുള്ള അഞ്ച് സ്ലാബുകൾ, കളിമണ്ണുകൊണ്ട് നിർമ്മിച്ച 27 വസ്തുക്കളും 23 രൂപങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ക്ഷേത്രത്തിലെ തൂണുകളടക്കം പൊളിച്ചു. പുതിയവ കൂട്ടിച്ചേർത്തു. പള്ളിയുടെ മുൻവശത്ത് നമസ്‌കാരത്തിനായി വലിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കി. ഹൈന്ദവ ദേവന്മാരെ ചിത്രീകരിക്കുന്ന ശിൽപ്പങ്ങളും മണ്ണിനടയിൽ നിന്ന് കണ്ടെടുത്ത വാസ്തുവിദ്യാ ഘടകങ്ങളും കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ക്ഷേത്രങ്ങളിലെ കല്ലുകളിൽ ദേവനാഗിരി, ഗ്രന്ഥ, തെലുങ്ക്, കന്നഡ ലിപികളിലുള്ള ലിഖിതങ്ങളും കണ്ടെടുത്തതായി സർവേ റിപ്പോർട്ട് പരാമർശിക്കുന്നു.
93 നാണയങ്ങളും 113 ലോഹ വസ്തുക്കളും എഎസ്ഐ കണ്ടെത്തിയിട്ടുണ്ട്. സർവെയിൽ കണ്ടെത്തിയ വസ്തുക്കളെല്ലാം വാരണാസി ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. കണ്ടെത്തിയ കൃഷ്ണ ശിൽപ്പത്തിലൊന്ന് മണൽക്കല്ലിൽ നിർമ്മിച്ച മധ്യകാലത്തുള്ളതാണെന്നുമാണ് നിഗമനം. 15 സെന്റി മീറ്റർ ഉയരവും എട്ട് സെന്റി മീറ്റർ വീതിയും അഞ്ച് സെന്റി മീറ്റർ കനവുമാണ് ശിൽപ്പത്തിനുള്ളത്.
Read more
മാർബിളിൽ നിർമ്മിച്ച ഹനുമാന്റെ ശിൽപ്പമാണ് മറ്റൊന്ന്. ആധുനിക യുഗത്തിൽ നിർമ്മിച്ചതാണെന്നാണ് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. മസ്ജിദിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ശിവലിംഗവും ആധുനിക യുഗത്തിൽ നിർമ്മിച്ചതാണെന്നാണ് നിഗമനം. പറിഞ്ഞാറ് ഭാഗത്തുള്ള അറയിൽ നിന്നാണ് ശിവലിംഗം എഎസ്ഐ കണ്ടെത്തിയത്. ഇത്തരത്തിൽ വിഷ്ണു, ഗണപതി ശിൽപ്പങ്ങളുടെ വിവരങ്ങളും റിപ്പോർട്ടിൽ എഎസ്ഐ രേഖപ്പെടുത്തിയിട്ടുണ്ട്.