കണ്ണില്ലാത്ത കൊടും ക്രൂരതകൾ! യുപിയിൽ ദേശീയപാതയില്‍ യുവതിയുടെ തലയില്ലാത്ത നഗ്നശരീരം; മധ്യപ്രദേശിൽ സൈനികരെ മർദ്ദിച്ച് പെൺസുഹൃത്തിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മധ്യപ്രദേശിൽ രാത്രി സവാരിക്കിറങ്ങിയ രണ്ട് യുവ സൈനികർക്കും ഒപ്പമുണ്ടായിരുന്ന പെൺ സുഹൃത്തുക്കൾക്ക് നേരെയും അജ്ഞാത സംഘത്തിന്റെ ആക്രമണം. വനിതാ സുഹൃത്തുക്കളിൽ ഒരാളെ തോക്കിൻ മുനയിൽ നിർത്തി സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടയാണ് സംഭവം.

ആറംഗ സംഘംമാണ് കൊടും ക്രൂരതയ്ക്ക് പിന്നിൽ. 23 ഉം 24 ഉം വയസുള്ള ട്രെയിനീ ഉദ്യോഗസ്ഥർ സുഹൃത്തുക്കൾക്കൊപ്പം രാത്രിയിൽ നടക്കാൻ ഇറങ്ങിയതായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാളെയും ഒരു സ്ത്രീയെയും അക്രമിസംഘം തടഞ്ഞുവെക്കുകയും മറ്റ് രണ്ടുപേരോട് 10 ലക്ഷം രൂപ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ആയിരുന്നു. പണം എടുക്കാൻ പോയ സൈനിക ഉദ്യോഗസ്ഥൻ മൊബൈൽ നെറ്റ് വർക്കുള്ള സ്ഥലത്തെത്തിയപ്പോൾ സഹപ്രവർത്തകരെ വിവരം അറിയിച്ചു. എന്നാൽ സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

പ്രതികൾക്കെതിരെ കവർച്ച, കൊള്ള, ബലാത്സംഗം, ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികളിൽ ഒരാളുടെ പേരിൽ 2016ൽ കവർച്ചയ്ക്ക് കേസുണ്ട്. ഇതൊരു സംഘടിത ആക്രമണമായിരുന്നിള്ള, രാത്രിയിൽ ഇവരെ കണ്ട് സംഘം ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരാളുടെ പക്കൽ പിസ്റ്റളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മധ്യപ്രദേശിലെ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും രക്തം മരവിപ്പിക്കുന്ന ക്രൂരതയ്ക്കാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. കാന്‍പുരിന് സമീപം ദേശീയപാതയില്‍ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 06:15ഓടെയാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം തല വെട്ടി മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

മൂന്ന് സംഘങ്ങളായി യുപി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹം ലഭിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. മൃതദേഹം ലഭിച്ച സ്ഥലത്തിന് സമീപമുള്ള എതിര്‍വശത്തുള്ള ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ ഒരു യുവതി ദേശീയപാതയിലൂടെ നടന്നുപോകുന്നതായി കണ്ടിട്ടുണ്ട്. മൃതദേഹം ലഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള ദൃശ്യമാണ് ഇത്. കൊല്ലപ്പെട്ട യുവതിയാകാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. ദൃശ്യത്തിലെ യുവതി ധരിച്ച അതേ നിറത്തിലുള്ള വസ്ത്രത്തിന്റെ അവശിഷ്ടങ്ങള്‍ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചിട്ടുണ്ട്.

അതേസമയം സംഭവവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള, സ്ത്രീകളെ കാണാതായ സംഭവങ്ങളൊന്നും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ നാട്ടുകാരെ കാണിച്ച് യുവതിയെ തിരിച്ചറിയാനുള്ള നീക്കം പൊലീസ് നടത്തുന്നുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി എല്ലിന്റേയും പല്ലിന്റേയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

രക്തം മരവിപ്പിക്കുന്ന സംഭവമാണ് ഇതെന്നും കുറ്റവാളികളെ കണ്ടെത്തി, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത തരത്തില്‍ ശിക്ഷിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി ബിജെപി സര്‍ക്കാര്‍ സംഭവം അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.