കര്‍ണാടകയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ടു

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയ്ക്കു വന്‍ തിരിച്ചടി. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ടു. ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, ധര്‍മ്മേന്ദ്ര പ്രതാന്‍, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ ഹുബ്ബള്ളിയിലെ വീട്ടിലെത്തി നടത്തിയ അനുനയ ശ്രമങ്ങള്‍ പാളിയതോടെയാണ് പ്രഖ്യാപനം. എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്ന ഷെട്ടര്‍ ഇന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കും.

നേരത്തെ ബിജെപി വിട്ടുവന്ന ലക്ഷ്മണ്‍ സാവ്ദിയ്ക്ക് സിറ്റിങ് സീറ്റായ അത്താനി സീറ്റ് കോണ്‍ഗ്രസ് നല്‍കിയിരുന്നു. മുതിര്‍ന്ന രണ്ട് നേതാക്കളും നിരവധി എംഎല്‍എമാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടെ ബിജെപിയുടെ അവസാന ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.

അതിനിടെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 43 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനി 15 സീറ്റുകളിലേക്ക് കൂടിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്ക് കോലാറില്‍ സീറ്റില്ല.

രണ്ടാമതൊരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഈ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. പകരം സിദ്ധരാമയ്യയുടെ അനുയായിയായ കൊത്തൂര്‍ ജി മഞ്ജുനാഥിനാണ് കോലാറില്‍ സീറ്റ് നല്‍കിയത്. കൊത്തൂര്‍ ജി മഞ്ജുനാഥ് എംഎല്‍എയായിരിക്കെ ജാതി സംബന്ധിച്ചുള്ള കൃത്യമായ രേഖകളില്ലെന്ന് കാട്ടി അയോഗ്യനാക്കപ്പെട്ടിരുന്നു.