IPL 2025: ഇന്നലത്തെ മത്സരത്തിൽ നടന്നത് മനുഷ്യാവകാശ ലംഘനം ആണ്, ദയാഹർജി സമർപ്പിക്കാതെ വഴി ഇല്ല; ഹൈദരാബാദ് പഞ്ചാബ് മത്സരത്തിന് പിന്നാലെ ചർച്ചയായി ആകാശ് ചോപ്രയുടെ വാക്കുകൾ

സൺറൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ഒരു ആരാധകനും നഷ്ടം തോന്നില്ല എന്ന് ഉറപ്പാണ്. ഉറക്കം തൂങ്ങി കളികൾ കണ്ട് ബോറടിച്ചവർക്കും, സീസണിന് ആവേശം പോരാ എന്ന് പറഞ്ഞവർക്കും ഉള്ള മറുപടി ആയിരുന്നു രണ്ട് തകർപ്പൻ ടീമുകളുടെ പോരാട്ടമെന്ന പറയാം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നായകൻ ശ്രേയസ് അയ്യരുടെ 36 പന്തിൽ 82 ഉം പ്രഭ്‌സിമ്രാൻ സിങിന്റെ 23 പന്തിൽ 42 ന്റെയും പിൻബലത്തിൽ 245 എന്ന കൂറ്റൻ സ്കോർ രേഖപ്പെടുത്തിയ പഞ്ചാബ് ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ സീസണിലെ ആദ്യ മത്സരത്തിന് ശേഷം ട്രാക്കിൽ എത്താതിരുന്ന ഹൈദരാബാദിനായി ഓപ്പണർമാർ തിളങ്ങിയതോടെ അടിക്ക് തിരിച്ചടി അല്ല കൊന്ന് കൊലവിളിയാണ് പിന്നെ ആരാധകർ കണ്ടത്.

ഇന്ത്യയുടെ അടുത്ത സെൻസേഷൻ താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ആയിരുന്നു ഹൈദരാബാദ് മറുപടിയുടെ ഊർജം. 40 പന്തിൽ ആണ് താരം സീസണിലെ തന്റെ ആദ്യ സെഞ്ച്വറി അടിച്ചെടുത്തത്. 37 പന്തിൽ 66 റൺ എടുത്ത സഹഓപ്പണർ ട്രാവിസ് ഹെഡ് തകർപ്പൻ പിന്തുണയും നൽകിയതോടെ പഞ്ചാബ് ബോളർമാർക്ക് ഉത്തരമൊന്നും പറയാൻ ഇല്ലായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങി ആദ്യ പന്ത് മുതൽ പഞ്ചാബ് ബോളർമാർക്കക്ക് വയറു നിറയെ കൊടുക്കും എന്ന മട്ടിൽ ബാറ്റ് ചെയ്ത ഇരുവരും ഓരോ ഓവറുകളിലും രണ്ട് ബൗണ്ടറി എങ്കിലും ഉറപ്പാക്കി. അഭിഷേക് ആകട്ടെ ബൗണ്ടറി കൂടുതൽ അടിക്കണോ അതോ സിക്സ് കൂടുതൽ വേണോ എന്ന കൺഫ്യൂഷനിൽ മാത്രം ആയിരുന്നു. 14 ബൗണ്ടറിയും 10 സിക്‌സും ആണ് താരത്തിന്റെ 55 പന്തിൽ 141 റൺ ഇന്നിങ്സിൽ പിറന്നത്. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സ്കോറും ഇത് തന്നെ.

രണ്ട് ടീമിലെ ബോളർമാർക്കും വയറു നിറയെ കിട്ടിയ മത്സരത്തിൽ മുഹമ്മദ് ഷമി 75 റൺസാണ് 4 ഓവറിൽ വഴങ്ങിയത്. രണ്ട് ടീമുകളിൽ നിന്നായി 40 റൺസിന് മുകളിൽ വഴങ്ങിയവർ ഇവർ

യാഷ് താക്കൂർ( പഞ്ചാബ്) 2 . 3 ഓവറിൽ 40 റൺസ്
ഗ്ലെൻ മാക്‌സ്‌വെൽ( പഞ്ചാബ്) 3 ഓവറിൽ 40 റൺസ്
യുസ്‌വേന്ദ്ര ചഹാൽ ( പഞ്ചാബ്) 4 ഓവറിൽ 56 റൺസ് 1 വിക്കറ്റും
പാറ്റ് കമ്മിൻസ് ( ഹൈദാബാദ്) 4 ഓവറിൽ 40 റൺസ്
ഹർഷൽ പട്ടേൽ ( ഹൈദരാബാദ്) 4 ഓവറിൽ 42 റൺസ് 4 വിക്കറ്റ്
ഇഷാൻ മലിംഗ ( ഹൈദരാബാദ്) 4 ഓവറിൽ 45 റൺസ് 2 വിക്കറ്റ്
സീഷാൻ അൻസാരി ( ഹൈദരാബാദ്) 4 ഓവറിൽ 41 റൺസ്

ബോളർമാർക്ക് മർദ്ദനം കിട്ടിയതിന് എതിരെ മുൻ താരം ആകാശ് ചോപ്ര പ്രതികരിച്ചു. “ബാറ്റ്‌സ്മാന്മാരുടെ മനുഷ്യാവകാശ ലംഘനം ആണ് നടന്നത്. ആക്രമണത്തിന് ശേഷം ബൗളർമാർ ബാറ്റ്‌സ്മാന്മാർക്ക് മുന്നിൽ ദയാഹർജി സമർപ്പിക്കേണ്ടിവരും. ആരെയും അവർ വെറുതെ വിട്ടില്ല, ഷമി 75 റൺസ് വഴങ്ങി,” അദ്ദേഹം സ്റ്റാർ സ്പോർട്‌സിൽ പറഞ്ഞു.

ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് ഹൈദരാബാദിന്റെ രണ്ടാമത്തെ വിജയമാണിത്. മറുവശത്ത്, പഞ്ചാബ് ഇതുവരെ മൂന്ന് മത്സരങ്ങളിൽ വിജയിക്കുകയും അത്രയും തോൽക്കുകയും ചെയ്തു. നാല് മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് പട്ടികയിൽ മുന്നിലാണ്. സീസണിൽ ഇതുവരെ തോൽവിയറിയാത്ത ഒരേയൊരു ടീമാണ് അവർ.