വിദേശ സംസ്കാരം പുതുതലമുറയെ നശിപ്പിക്കുന്നു; ബെംഗളൂരു നഗരത്തില്‍ പുതുവത്സരാഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഹിന്ദു സംഘടന

ബെംഗളൂരുവില്‍ എംജി റോഡിലും ബ്രിഗേഡ് റോഡിലും പുതുവത്സരാഘോഷം നടത്താൻ അനുവദിക്കരുതെന്ന് ഹിന്ദു സംഘടന. ഹിന്ദു സംഘടനയായ ജനജാഗ്രതി സമിതിയാണ് ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർറാവുവിന് കത്തയച്ചത്. വിദേശ സംസ്കാരം പുതുതലമുറയെ നശിപ്പിക്കുന്നതാണെന്നും ബ്രിഗേഡ് റോഡിലും എംജി റോഡിലും നടക്കുന്ന തരത്തിലുള്ള ആഘാഷങ്ങൾ ഇന്ത്യൻ യുവത്വത്തിന്‍റെ അധഃപതനത്തിനു കാരണമായേക്കുമെന്നും കത്തിൽ പറയുന്നു.

പാശ്ചാത്യ സംസ്കാരത്തെ കണ്ണടച്ച്  അനുകരിക്കുന്നത് വർദ്ധിച്ചു വരികയാണ്. പ്രായപൂർത്തിയാവുന്നതിനു മുമ്പ് തന്നെ കുട്ടികൾ മദ്യപാനശീലം  തുടങ്ങുന്നത് ഇതിന്റെ ഫലമായിട്ടാണ്. ആൺകുട്ടികളും പെൺകുട്ടികളും മദ്യപിക്കുകയും പുകവലിക്കുകയും സംസ്കാരശൂന്യമായ രീതിയിൽ നൃത്തം ചെയ്യുന്നതും മുൻവർഷങ്ങളേക്കാൾ കൂടുതലായിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങൾ സ്ത്രീകൾക്കെതിരെ അക്രമസംഭവങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാവുന്നുണ്ട്.

ബെംഗളൂരുവിന്‍റെ ഇത്തരത്തിലുള്ള ആഗോള പ്രതിച്ഛായ ഇന്ത്യൻ യുവത്വത്തെ മൊത്തമായി അപകീർത്തിപ്പെടുത്തുന്നതാണെന്നും കത്തിൽ വ്യക്തമാക്കുന്നു. എംജിറോഡിലും ബ്രിഗേഡ് റോഡിലും സിഗരറ്റ് കടകളും മദ്യശാലകളും ന്യൂ ഇയർ രാവിൽ തുറക്കാൻ അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഹിന്ദു ജനജാഗ്രതി സമിതി ഇതാദ്യമായല്ല എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കാറുള്ള പുതുവത്സരാഘോഷങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കത്തയക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ ആവശ്യം ഉന്നയിച്ച് അവർ സിറ്റി പോലീസ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ് വധക്കേസ് പ്രതികൾ ഹിന്ദു ജനജാഗ്രതി  അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.

Read more

നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എംജിറോഡിലും ബ്രിഗേഡ് റോഡിലുമാണ് കൂടുതൽ പേർ പുതുവത്സരാഘോഷങ്ങൾക്ക് എത്താറുള്ളത്. ഇവിടെ പബ്ബുകളും ബാറുകളും കൂടുതലാണെന്നതും  ആഘോഷങ്ങൾക്ക് ഇവിടം തിരഞ്ഞെടുക്കാൻ കാരണമാണ്. സുരക്ഷ കണക്കിലെടുത്ത് ഇൗ വർഷം 500 ലധികം സിസിടിവി ക്യാമറകളാണ് സിറ്റി പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്.