മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഹണി ട്രാപ്പ്; നഗ്ന ദൃശ്യങ്ങള്‍ കാട്ടി മലയാളി ദമ്പതികള്‍ തട്ടിയത് 50 ലക്ഷം

കര്‍ണാടകയിലെ പ്രമുഖ വ്യവസായിയും ജനതാദള്‍ സെക്കുലര്‍ എംഎല്‍എയായ ബിഎം ഫറൂഖിന്റെ സഹോദരനുമായ ബിഎം മുംതാസ് അലിയുടെ മരണത്തില്‍ മലയാളി ദമ്പതികള്‍ കസ്റ്റഡിയില്‍. മലയാളികളായ റഹ്‌മത്തിനെയും ഭര്‍ത്താവ് ഷുഹൈബിനെയുമാണ് കാവൂര്‍ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുംതാസ് അലിയുടെ മരണത്തിന് പിന്നാലെ ഇയാളെ ചിലര്‍ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. സഹോദരന്‍ ഹൈദര്‍ അലി ഇതുസംബന്ധിച്ച് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കര്‍ണാടക പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേരെ പൊലീസ് തിരയുന്നുണ്ട്.

ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാഫി, മുസ്തഫ അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവരെയാണ് പൊലീസിന് കണ്ടെത്താനുള്ളത്. ഇവര്‍ നഗ്ന ദൃശ്യങ്ങള്‍ കാട്ടി അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതികള്‍ വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Read more

ഇതിനുപുറമേ മുംതാസ് അലിയില്‍ നിന്ന് 25 ലക്ഷത്തിന്റെ ചെക്ക് എഴുതി വാങ്ങിയിട്ടുണ്ട്. കൂടുതല്‍ പണം ആവശ്യപ്പെട്ട് നിരന്തരം മുംതാസ് അലിയെ സമ്മര്‍ദ്ദത്തിലാക്കിയതായും സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ നിരന്തരം പണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദത്തിലാക്കിയതാണ് മുംതാസിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.