മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ നാടകീയ സംഭവങ്ങള്‍. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അഞ്ച് കോടി രൂപയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡയെ പിടികൂടി. ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ഹോട്ടലില്‍ നിന്ന് പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടിയത്.

പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ നിന്നാണ് വിനോദ് താവ്ഡയെ പിടികൂടിയത്. പണം നല്‍കാനുള്ളവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡയറിയും വിനോദ് താവ്ഡയില്‍ നിന്ന് കണ്ടെത്തിയത്. 15 കോടി രൂപയാണ് വിതരണത്തിനായി എത്തിച്ചതെന്നും ഇതേ കുറിച്ച് ഡയറിയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര ഠാക്കൂര്‍ പറഞ്ഞു.

ഹോട്ടലില്‍ പണം വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ഹോട്ടലില്‍ എത്തിയതെന്ന് ഹിതേന്ദ്ര ഠാക്കൂര്‍ അറിയിച്ചു. പിന്നാലെ വിനോദ് താവ്ഡയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വിനോദ് താവ്ഡയെ മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി പണം ഒഴുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള വിനോദ് താവ്ഡയ്ക്കായി ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. വിനോദ് താവ്‌ഡെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് സ്ഥലത്തെത്തിയതെന്നും നടക്കുന്നത് ബഹുജന്‍ വികാസ് അഘാഡി സഖ്യത്തിന്റെ കുപ്രചരണങ്ങളാണെന്നും ബിജെപി ആരോപിക്കുന്നു.