ഗുജറാത്ത് തീരത്തിനടുത്ത് വൻ ലഹരിവേട്ട; 1800 കോടിയുടെ ലഹരി മരുന്നുകൾ പിടികൂടി

ഗുജറാത്ത് തീരത്തിനടുത്ത് വൻ ലഹരിവേട്ട. 1800 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകൾ പിടികൂടി. ഗുജറാത്ത് തീരത്തിന് അടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയിൽ (ഐഎംബിഎൽ) നിന്നായിരുന്നു ലഹരിവേട്ട. ഗുജറാത്ത് എടിഎസും ഇന്ത്യൻ കോസ്റ്റ്ഗാർഡ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.

കേന്ദ്ര സർക്കാരിന്റെ ‘മയക്കുമരുന്ന് രഹിത ഭാരതം’ എന്ന പദ്ധതിയുടെ ഭാഗമായുള്ള ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്. കോസ്റ്റ്ഗാർഡിനെ കണ്ടയുടൻ അനധികൃത ചരക്ക് ഉപേക്ഷിച്ച് കള്ളക്കടത്തുകാർ സമുദ്രാതിർത്തി കടന്ന് രക്ഷപ്പെട്ടു.

ലഹരി മരുന്ന് കൂടുതൽ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. അതിർത്തിക്കപ്പുറത്ത് നിന്നാണ് ഈ ചരക്ക് വന്നതെന്നും ഒരു മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യൻ തീരങ്ങളിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

ഗുജറാത്ത് തീരത്ത് സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഏപ്രിൽ 12, 13 തീയതികളിലെ രാത്രിയിലാണ് സംയുക്ത ഓപ്പറേഷൻ നടത്തിയതെന്ന് കോസ്റ്റ്ഗാർഡിന്റെ പത്രക്കുറിപ്പിൽ പറഞ്ഞു. മെത്താഫെറ്റമൈൻ എന്ന ലഹരിവസ്തുവാണ് പിടികൂടിയതെന്നാണ് സംശയിക്കുന്നത്.

Read more