തമിഴ്‌നാട്ടിന്റെ തലവര മാറ്റാന്‍ കൊറിയന്‍ കമ്പനി; ഹ്യുണ്ടായ് മോട്ടോര്‍ നിക്ഷേപിക്കുന്നത് 20,000 കോടി; 2.5 ലക്ഷം പേര്‍ക്ക് തൊഴില്‍; ധാരണാപത്രം ഒപ്പിട്ട് സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ വന്‍ നിക്ഷേപവുമായി കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍. 20,000 കോടി രൂപയാണ് തമിഴ്‌നാട്ടിലെ പ്ലാന്റിനായി ഹ്യുണ്ടായ് മുതല്‍മുടക്കുന്നത്. ഇലക്ട്രിക് വാഹന – ഘടക നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനായി തമിഴ്‌നാടുമായി കമ്പനി ധാരണാപത്രം ഒപ്പിട്ടു.

അടുത്ത പത്തുവര്‍ഷ കാലയളവിനുള്ളില്‍ തമിഴ്‌നാട്ടില്‍ നടത്തുന്ന നിക്ഷേപം ഉപയോഗിച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാണ് ഹ്യുണ്ടായ് ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലെ പ്ലാന്റുകളില്‍ നിന്നും പുതിയ ഇലക്ട്രിക് മോഡല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനുമാണു കമ്പനി ലക്ഷ്യമിടുന്നത്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 1,78,000 യൂണിറ്റ് പ്രതിവര്‍ഷ ഉല്‍പാദന ശേഷിയുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റുകളും തമിഴ്‌നാട്ടിലെ പ്രധാന ദേശീയ പാതകളില്‍ 100 ചാര്‍ജിങ് സ്റ്റേഷനുകളും സ്ഥാപിക്കും. ആഭ്യന്തര ഉല്‍പാദനം പ്രതിവര്‍ഷം 8,50,000 യൂണിറ്റായി ഉയര്‍ത്താനും ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയില്‍ നിന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനുമുള്ള പദ്ധതിയും ഹ്യുണ്ടായിക്കുണ്ട്. തമിഴ്‌നാട്ടിലെ ഹ്യുണ്ടായിയുടെ നിക്ഷേപത്തിലൂടെ 15,000 പേര്‍ക്ക് നേരിട്ടും 2.5 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കി.