"ഞാനായിരുന്നു ജഡ്ജിയെങ്കിൽ, അയോദ്ധ്യയിലെ സ്ഥലം സൗജന്യ വിദ്യാഭ്യാസത്തിനും ചികിത്സക്കും നൽകിയേനെ": തസ്ലിമ നസ്രിൻ

ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോദ്ധ്യയിലെ തർക്ക ഭൂമിയെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ അന്തിമവിധിയിൽ പ്രതികരണവുമായി പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിൻ. താനായിരുന്നു ജഡ്ജിയെങ്കിൽ തർക്ക ഭൂമി സൗജന്യ വിദ്യാഭ്യാസത്തിനുള്ള ഒരു വിദ്യാലയത്തിനും, അഞ്ചേക്കർ സ്ഥലം സൗജന്യ ചികിത്സക്കായുള്ള ഒരു ആശുപത്രി പണിയാനും നൽകിയേനെ എന്നാണ് തസ്ലിമ നസ്രിൻ തന്റെ ട്വിറ്ററിൽ കുറിച്ചത്.

ഞാൻ ഒരു ജഡ്ജിയായിരുന്നെങ്കിൽ, വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ ഒരു ആധുനിക സയൻസ് സ്കൂൾ പണിയുന്നതിനായി ഞാൻ അയോദ്ധ്യയിലെ 2.77 ഏക്കർ സ്ഥലം സർക്കാരിന് നൽകുമായിരുന്നു. രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന ഒരു ആധുനിക ആശുപത്രി പണിയുന്നതിനായി 5 ഏക്കർ സ്ഥലവും ഞാൻ സർക്കാരിന് നൽകുമായിരുന്നു, തസ്ലിമ നസ്രിൻ ട്വിറ്ററിൽ പറഞ്ഞു.

ഇന്നലെ വന്ന ചരിത്രപ്രധാനമായ വിധിയിൽ അയോദ്ധ്യയിലെ തർക്ക പ്രദേശമയ 2.77 ഏക്കർ ഹിന്ദു കക്ഷികൾക്ക് ക്ഷേത്രം പണിയാൻ നല്കണമെന്നും മുസ്‌ളീം കക്ഷിക്ക്‌ അയോദ്ധ്യയിൽ തന്നെ മറ്റൊരിടത്ത് 5 ഏക്കർ സ്ഥലം പള്ളിപണിയാൻ അനുവദിക്കണമെന്നുമാണ് സുപ്രീം കോടതി വിധിച്ചത്.

Read more

ജന്മനാടായ ബംഗ്ലാദേശിൽ നിന്ന് നാടുകടത്തപെട്ട് ഇപ്പോൾ ഇന്ത്യയിൽ താമസിക്കുന്ന തസ്ലിമ നസ്രിന്റെ കുറിപ്പിനെതിരെ നിരവധിപേർ വിമർശനവും ഉന്നയിക്കുന്നുണ്ട്.