കര്‍ണാടകയില്‍ ഏഴാം ക്ലാസുകാരിയെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. മാര്‍ച്ച് 3ന് തമിഴ്നാട്ടിനടുത്തുള്ള തോട്ടമഞ്ഞ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. 14 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ബലം പ്രയോഗിച്ച് എടുത്ത് കൊണ്ട് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതോടകം വൈറലായിട്ടുണ്ട്.
കര്‍ണാടകയിലെ കാളികുട്ടൈ എന്ന മലയോര ഗ്രാമത്തില്‍ നിന്നുള്ള മാദേശ് എന്ന യുവാവിനെതിരെയാണ് കുട്ടിയുടെ മുത്തശി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബംഗളൂരുവില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിളിച്ച് ഓടാന്‍ രക്ഷപ്പെടുന്ന പെണ്‍കുട്ടിയെ മാദേശ് എടുത്തുകൊണ്ടു പോകുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
29കാരനാണ് പ്രതിയായ മാദേശ്. ഇയാളുടെ സഹോദരന്‍ മല്ലേശും മറ്റൊരു സ്ത്രീയെയും വീഡിയോയില്‍ കാണാം. യുവാവിനൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറാകാതെ വന്നതോടെയാണ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് എടുത്തുകൊണ്ട് പോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബന്ധുക്കളോടും കുടുംബത്തോടും അപേക്ഷിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യാറായില്ല.
കുട്ടിയുടെ മുത്തശിയുടെ പരാതിയില്‍ ഡെങ്കനിക്കോട്ടൈയിലെ വനിതാ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മാദേശിനെ കൂടാതെ സഹോദരനെയും പെണ്‍കുട്ടിയുടെ അമ്മ നാഗമ്മയെയും ബുധനാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പുകളും ശൈശവ വിവാഹനിയമവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Read more
ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയുടെ പിതാവിനെയും മല്ലേശിന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തു. അതേസമയം പെണ്‍കുട്ടി നിലവില്‍ മുത്തശിയോടൊപ്പം സുരക്ഷിതയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.