അതിർത്തിയിൽ തിരിച്ചടിച്ച് ഇന്ത്യ; ഒരു ഭീകരനെ വധിച്ചു, മൂന്ന് പാക്ക് പോസ്റ്റുകൾ സൈന്യം തകർത്തു

അതിർത്തിയിലെ പാക്ക് പ്രകോപനത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന. അതിർത്തി ലംഘിച്ച് ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മുവിലെ രാജ്യാന്തര അതിർത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമമാണു സൈന്യം തടഞ്ഞത്.

അർണിയ സെക്ടറിലെ നികോവൽ ബോർഡർ ഔട്ട്പോസ്റ്റിൽ രാവിലെ അഞ്ചേമുക്കാലോടെ രണ്ടുമൂന്നു പേരുടെ ചലനം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപെട്ടപ്പോൾ. ഇവർ ഭീകരരാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ത്യൻ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതായി ബിഎസ്എഫ് ഐജി റാം അവ്തർ പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാർ തിരിച്ചും വെടിവച്ചു. മുപ്പതുവയസ്സ് തോന്നിക്കുന്ന ഭീകരനെയാണ് ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. അതിനിടെ, ജമ്മു കശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിനും പാക്ക് സൈന്യത്തിന്റെ പ്രകോപനത്തിനും മറുപടിയായി സേന ശക്തമായി തിരിച്ചടിച്ചു. ബുധനാഴ്ച രാത്രി മാത്രം പാക്കിസ്ഥാന്റെ രണ്ട് പോസ്റ്റുകൾ തകർത്തതായി സൈന്യം അറിയിച്ചു. ഈ വർഷം ആദ്യമുണ്ടായ പാക്ക് വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു. ആസൂത്രണത്തോടെയുള്ള നീക്കത്തിനു മുന്നിൽ പാക്ക് സൈന്യത്തിന്റെ ശബ്ദം നിലച്ചതായി സേനാ വക്താവ് പറഞ്ഞു.