ഐ.എസിൽ ചേർന്ന് അഫ്ഗാൻ ജയിലിലായ നാല് മലയാളി സ്ത്രീകളെ തിരികെ കൊണ്ടുവരില്ല 

ഖൊറാസാൻ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐ‌എസ്‌കെപി) ചേരാൻ ഭർത്താക്കന്മാർക്കൊപ്പം പോയി അഫ്ഗാനിസ്ഥാൻ ജയിലിലായ നാല് മലയാളി സ്ത്രീകളെ കേന്ദ്ര സർക്കാർ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരില്ല. സോണിയ സെബാസ്റ്റ്യൻ എന്ന അയിഷ, റഫീല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഈസ എന്നീ മലയാളികളാണ് അഫ്ഗാൻ  ജയിലിലുള്ളത്.

2016-18 വർഷങ്ങളിലാണ് അഫ്ഗാനിസ്ഥാനിലെ നംഗർഹാറിലേക്ക് കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകൾ  യാത്രയായത്. അഫ്ഗാനിസ്ഥാനിൽ വ്യത്യസ്ത ആക്രമണങ്ങളിൽ ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. 2019 നവംബർ, ഡിസംബർ മാസങ്ങളിൽ അഫ്ഗാനിസ്ഥാൻ അധികൃതരുടെ മുമ്പാകെ കീഴടങ്ങിയ ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കൂട്ടത്തിൽ ഈ സ്ത്രീകളും ഉൾപ്പെടുന്നു.

13 രാജ്യങ്ങളിൽ നിന്നുള്ള 408 ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെ അഫ്ഗാനിസ്ഥാൻ ജയിലുകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി അഹ്മദ് സിയ സരജ് ഏപ്രിൽ 27 ന്  കാബൂളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിൽ നാല് ഇന്ത്യക്കാർ, 16 ചൈനക്കാർ, 299 പാകിസ്ഥാനികൾ, രണ്ട് ബംഗ്ലാദേശികൾ, രണ്ട് മാലിദ്വീപിൽ നിന്നുള്ളവർ എന്നിവരും ഉൾപ്പെടുന്നു.

തടവുകാരെ തിരികെ അയക്കാൻ 13 രാജ്യങ്ങളുമായി അഫ്ഗാനിസ്ഥാൻ സർക്കാർ ചർച്ച ആരംഭിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഡൽഹിയിലെ അഫ്ഗാൻ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ജയിലിൽ കഴിയുന്നവരെ തിരികെ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരിന്റെ തീരുമാനം എന്താണെന്ന് അറിയാൻ കാബൂളിലെ മുതിർന്ന ഉദ്യോഗസ്ഥർ കാത്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Read more

നാല് വനിതകളുടെ തിരിച്ചുവരവിൽ വിവിധ സർക്കാർ ഏജൻസികൾക്കിടയിൽ അഭിപ്രായ സമന്വയമില്ലെന്നും അവരെ തിരികെ വരാൻ അനുവദിക്കില്ലെന്നുമാണ് റിപ്പോർട്ട്. 2020 മാർച്ചിൽ സ്ട്രാറ്റൻ ന്യൂസ് ഗ്ലോബൽ.കോം എന്ന സ്ട്രാറ്റജിക്ക് അഫയർസ് വെബ്‌സൈറ്റ് നാല് സ്ത്രീകളെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു.