ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധത്തിൽ അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങൾ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ. ഖലിസ്ഥാൻ ഭീകകരുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക മാത്രമാണ് രാജ്യം കാനഡയെ അറിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതെന്ന് മന്ത്രി ജയശങ്കർ വിശദീകരിച്ചു. ഇന്ത്യക്കാരുടെ അറസ്റ്റിൽ പ്രതികരിക്കുക ആയിരുന്നു ജയശങ്കർ.

പഞ്ചാബിൽ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ അവർ അനുവദിച്ചു എന്നതാണ് തങ്ങൾ കാനഡയുമായി പങ്കുവച്ച ആശങ്ക. ഖാലിസ്ഥാൻ അനുകൂലികൾ കാനഡയുടെ ജനാധിപത്യം ഉപയോഗിച്ച് ലോബികൾ സൃഷ്ടിച്ചു. ഇത് അവർ വോട്ടുബാങ്കുകൾ ആയി മാറ്റി. കാനഡയിലെ ചില പാർട്ടികൾ ഖാലിസ്ഥാൻ നേതാക്കളെ ആശ്രയിക്കുന്നുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തകർക്കുന്ന ഇത്തരം ആളുകൾക്ക് വിസയോ രാഷ്ട്രീയ ഇടമോ നൽകരുതെന്നും കാനഡയെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ജയശങ്കർ പറഞ്ഞു. ഇതിനെതിരെ കനേഡിയൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 18നാണ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിനായി ഗൂഢാലോചന നടത്തി, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്നീ കുറ്റങ്ങൾക്കുള്ള ഫസ്റ്റ് ഡിഗ്രി മർഡറാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

Read more

പ്രതികൾ മൂന്നു വർഷം മുതൽ അഞ്ചു വർഷ വർഷം വരെ കാനഡയിൽ താമസിച്ചു വരികയായിരുന്നു. പ്രതികൾക്ക് ഇന്ത്യൻ ഗവൺമെന്റുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കിയിരുന്നു.