വ്യാജ ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടു; ആദിവാസി യുവാവിന്റെ പരാതിയില്‍ കോടതി ഇടപെടല്‍; ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്

ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടുവെന്ന പരാതിയില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ബലറാം അടക്കം 16 പേരെകൂടി പ്രതിചേര്‍ത്താണ് ബെംഗളൂരു പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐഐഎസ്സിയില്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട ദുര്‍ഗപ്പയാണ് പരാതിക്കാരന്‍. 2014ല്‍ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. താന്‍ ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായെന്നും ദുര്‍ഗപ്പ പരാതിയില്‍ വ്യക്തമാക്കി.

ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ വി എസ്, ദാസപ്പ, ബലറാം പി, ഹേമലതാ മിഷി, ചതോപാദ്യായ കെ, പ്രദീപ് ഡി സാവ്കര്‍, മനോഹരന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. എഐഎസ്സി ബോര്‍ഡ് ട്രസ്റ്റില്‍ അംഗം കൂടിയാണ് ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണന്‍. എന്നാല്‍ ക്രിസ് ഗോപാലകൃഷ്ണനോ മറ്റ് ബോര്‍ഡ് അംഗങ്ങളോ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.