അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായതായി ക്രൈംബ്രാഞ്ച് ഡിസിപി അമിത് ഗോയൽ. അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയ കുമാരിയടക്കം 7 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ഒരു ബംഗ്ലാദേശിയാണെന്നും പൊലീസ് അറിയിച്ചു.
ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന റാക്കറ്റാണ് പിടിയിലായത്. 2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ട സംഘത്തിന് ബംഗ്ലാദേശിൽ ബന്ധങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലും ഇന്ത്യയിലും ബന്ധമുള്ള റാക്കറ്റാണിവർ. അവയവം ദാനം ചെയ്തവരും സ്വീകർത്താക്കളും ബംഗ്ലാദേശിൽ നിന്നായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം ബംഗ്ലാദേശിലും ഇന്ത്യയിലുടനീളമുള്ള അവയവമാറ്റ റാക്കറ്റിൽ പങ്കുള്ളതായി ആരോപിച്ചാണ് ഡൽഹി ആസ്ഥാനമായുള്ള ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിൽ നിന്നുള്ള 50 കാരിയായ ഡോക്ടർ വിജയകുമാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സസ്‌പെൻഷനിലുള്ള വിജയ കുമാരി സംഘത്തോടൊപ്പം പ്രവർത്തിക്കുന്ന ഏക ഡോക്ടറാണെന്നും നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ യാഥാർഥ് ആശുപത്രിയിൽ 2021-23 കാലയളവിൽ 15 മുതൽ 16 വരെ ട്രാൻസ്പ്ലാൻറേഷനുകൾ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഡോക്ടർ വിജയ കുമാരിയും കൂട്ടാളികളും ചേർന്ന് ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ രാജ്യതലസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ആളുകളെ എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മൂന്ന് ബംഗ്ലാദേശ് പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.